നിലപാട് മയപ്പെടുത്തി കര്‍ണിസേന.. പദ്മാവത് കണ്ട് വിലയിരുത്താന്‍ ആറംഗ പാനല്‍ രൂപീകരിച്ചു, പാനലില്‍ രാജകുടുംബാംഗങ്ങളും ചിത്രകാരന്മാരും

ജയ്പുര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവത്’ വിലക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും നിലപാടു ‘മയപ്പെടുത്തി’ രജപുത്ര കര്‍ണിസേന. രാജ്യവ്യാപകമായി വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ചിത്രം കണ്ടു വിലയിരുത്താന്‍ കര്‍ണിസേന രാജകുടുംബാംഗങ്ങളും ചരിത്രകാരന്‍മാരുമടങ്ങുന്ന ആറംഗ പാനല്‍ രൂപീകരിച്ചു.

ചരിത്രകാരന്മാരായ ആര്‍.എസ്.ഖാന്‍ഗാരോട്ട്, ബി.എല്‍.ഗുപ്ത, കപില്‍കുമാര്‍, റോഷന്‍ ശര്‍മ, മേവാര്‍ രാജകുടുംബാംഗം വിശ്വരാജ് സിങ്, ബന്‍ശ്വര രാജകുടുംബാഗം ജഗ്മല്‍ സിങ് എന്നിവരാണു സമിതിയില്‍ ഉള്ളത്. ജയ്പുരിലെ അഗര്‍വാള്‍ കോളജ് പ്രിന്‍സിപ്പലാണു ഖാന്‍ഗാരോട്ട്. രാജസ്ഥാന്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം റിട്ട. പ്രഫസറാണു ബി.എല്‍.ഗുപ്ത. ജയ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചരിത്രകാരനാണു റോഷന്‍ ശര്‍മ. കപില്‍ കുമാര്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചരിത്രകാരനാണ്.

ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭോപാല്‍, അഹമ്മദാബാദ്, കാന്‍പുര്‍ എന്നിവിടങ്ങളില്‍ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണു നിലപാടില്‍ അല്‍പം അയവുവരുത്താന്‍ കര്‍ണിസേന തയാറായത്. ചിത്രത്തിനെതിരായി രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ, പൊതുവികാരം കണക്കിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ ചിത്രം വിലക്കി ഓര്‍ഡിനന്‍സ് പാസാക്കണമെന്നു രജപുത്ര സംഘടനകള്‍ ആവശ്യപ്പെട്ടു.

ചിത്രം വിലക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധക്കാര്‍ യുപിയിലെ കാന്‍പുരില്‍ മാളിലേക്ക് അതിക്രമിച്ചുകയറി പ്രതിഷേധിച്ചിരുന്നു. പോസ്റ്ററുകള്‍ കീറിക്കളയുകയും തിയറ്ററിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഗുജറാത്തിലെ അഹമ്മദാബാദില്‍ 30 ബൈക്കുകള്‍ കത്തിച്ചു. നഗരത്തിലെ മൂന്നു മാളുകള്‍ക്കു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും നശിപ്പിച്ചു. പ്രതിഷേധക്കാരായ നിരവധിപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ഭോപാലില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ കോലം കത്തിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular