സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു; പൊതുഗതാഗതം സ്തംഭനാവസ്ഥയില്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പണിമുടക്കിന്റെ ആദ്യമണിക്കൂര്‍ സംസ്ഥാനത്ത് പൊതുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. പണിമുടക്ക് ഒഴിവാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍, വ്യക്തമായ കാരണങ്ങളില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും പൊലീസ് സംരക്ഷണത്തോടെ പരമാവധി സര്‍വീസുകള്‍ നടത്തണമെന്നും എം.ഡി ഉത്തരവിട്ടിട്ടുണ്ട്.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു,സി, എച്ച്.എം.എസ്, എസ്.ടി.യു, ജനതാ ട്രേഡ് യൂണിയന്‍, ടി.യു.സി.ഐ, കെ.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിംഗ് സ്‌ക്കൂള്‍, വര്‍ക്ക് ഷോപ്പ്, സ്‌പെയര്‍ പാര്‍ട്ട്‌സ് ഡീലേഴ്‌സ് തുടങ്ങിയ മേഖലകളിലെ തൊഴിലുടമാ സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിയെങ്കിലും പിഎസ്സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും. ടാക്സികള്‍ക്ക് പുറമെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും പണിമുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും. ഓട്ടോ ടാക്സികള്‍ക്ക് പുറമെ ചരക്കുലോറികളും സ്വകാര്യബസുകളും പണിമുടക്കില്‍ പങ്കെടുക്കും.

പൊതുഗതാഗത സംവിധാനം പൂര്‍ണമായും മുടങ്ങുന്നത് സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. സ്പെയര്‍ പാര്‍ട്സുകള്‍ വില്‍ക്കുന്ന കടകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും അടച്ചിടും.

Similar Articles

Comments

Advertismentspot_img

Most Popular