തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല. അന്വേഷണ ഉദ്യോഗസ്ഥന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി താക്കീത് നല്‍കി. കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥനാണ്. കുറ്റപത്രം ചോര്‍ന്നത് ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റെ പരാതിയിലെ തുടര്‍നടപടികള്‍ കോടതി അവസാനിപ്പിച്ചു.
അതേസമയം ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി ഈമാസം 22 ലേക്ക് മാറ്റിയിരിക്കുകയാണ്.
നടിയെ ആക്രമിച്ച് മുഖ്യപ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും രണ്ടാം ഘട്ട കുറ്റപത്രത്തൊടൊപ്പം പോലീസ് ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പുകളും വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രതിയും ആക്രമിക്കപ്പെട്ട നടിയുടെ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന മാര്‍ട്ടിന്‍ ആലുവ സബ്ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് അഭ്യൂഹങ്ങള്‍ പടരുന്നുണ്ട്.