‘ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ നീ’ ശ്രീജിത്തിന് പിന്തുണയുമായി ഗോപി സുന്ദര്‍ ടീം.. ‘കൂടപ്പിറപ്പിന്റെ ഓര്‍മ്മതന്‍ തീയില്‍’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സഹോദരന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിന് പിന്തുണയുമായി ഗോപി സുന്ദറും ടീമും. ഗോപി സുന്ദറിനൊപ്പം ഗായകരായ സിതാര കൃഷ്ണകുമാര്‍, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ എന്നിര്‍ ചേര്‍ന്നു പാടിയ ‘കൂടപ്പിറപ്പിന്റെ ഓര്‍മ്മതന്‍ തീയില്‍’ എന്നു തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ തന്നെയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ നീ’ എന്നു ശ്രീജിത്തിനെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ പാട്ടിലൂടെ ഇവര്‍. സിനിമാ ലോകത്തുനിന്നും ജോയ് മാത്യു, ടൊവിനോ തോമസ് തുടങ്ങിയവരും ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞദിവസങ്ങളില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിയിരുന്നു.

സഹോദരന്‍ ശ്രീജിവന്റെ മരണത്തില്‍ നീതി തേടി ശ്രീജിത്ത് നടത്തുന്ന സമരം ഇന്ന് 769ാം ദിവസമാണ്. 2014 മേയ് 21 നാണ് ശ്രീജിത്തിന്റൈ സഹോദരന്‍ ശ്രീജിവ് (25) പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. പൊലീസിന്റെ ക്രൂര മര്‍ദനത്തെത്തുടര്‍ന്നാണ് മരണമെന്ന് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി അന്വേഷണത്തില്‍ കണ്ടെത്തി. എഎസ്ഐ ഫിലിപ്പോസിന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവിന് അടുപ്പം ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹത്തലേന്നാണ് ശ്രീജിവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്തതിന്റെ മൂന്നാം ദിവസമാണ് ശ്രീജിവ് മരിക്കുന്നത്.

പാറശാല മുന്‍ സിഐ ഗോപകുമാര്‍, എസ്ഐ ഡി.ബിജുകുമാര്‍, എസ്എസ്ഐ ഫിലിപ്പോസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ്, എന്നിവരാണു കുറ്റാരോപിതര്‍. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടു. എന്നാല്‍ സര്‍ക്കാര്‍ നടപടി ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം ആരംഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7