ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വന്നതില്‍ കുറ്റബോധമെന്ന് നടനും ബി.ജെ.പി അനുഭാവിയുമായ ഭീമന്‍ രഘു. ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. പത്തനാപുരത്ത് തോറ്റത് സംഘപരിവാറുകാര്‍ കാലുവാരിയതുകൊണ്ടു മാത്രമാണെന്നും പത്ത് തവണ വിളിച്ചിട്ടും സുരേഷ് ഗോപി പ്രചരണത്തിന് വന്നില്ലെന്നും ഭീമന്‍ രഘു കുറ്റപ്പെടുത്തി.
ചെറുപ്പം മുതലേ ആര്‍.എസ്.എസ് ആശയങ്ങളോട് യോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായത് എന്നാണ് അദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് വിജയിക്കുമെന്ന കടുത്ത ആത്മവിശ്വാസമായിരുന്നു ഭീമന്‍ രഘു പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സംഘപരിവാര്‍ തന്നെ കാലുവാരി തോല്‍പ്പിച്ചുവെന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്.
സ്ഥാനാര്‍ത്ഥിയായതില്‍ അന്ന് ഏറെ സന്തോഷിച്ചിരുന്നു എങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ഓര്‍ത്ത് അതിലേറെ ദുഖിക്കുന്നു. തനിക്ക് അന്നു കിട്ടിയ വോട്ടുകളില്‍ ഏറെയും മുസ്ലീം സുഹൃത്തുക്കളുടേതായിരുന്നു. അത് തന്റെ സൗഹൃദ വോട്ടുകളായിരുന്നു. പത്തനാപുരത്ത് എല്‍ഡിഎഫിനു വേണ്ടി ഗണേശ് കുമാറും യു.ഡി.എഫിനു വേണ്ടി നടന്‍ ജഗദീഷുമാണ് മത്സരിച്ചത്.