പാലക്കാട്: ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് അനിശ്ചിത കാല സമരത്തിന് ബസ് ഉടമകളുടെ ആഹ്വാനം. മിനിമം യാത്രാ നിരക്ക് ഏഴ് രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 64 രൂപയില്‍ നിന്ന് 72 പൈസയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരം നടത്താന്‍ ഒരുങ്ങുന്നത്.
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമായി നിശ്ചയിക്കുകയും മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കുക, 140 കിലോമീറ്റര് അധികം ദൂരമുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, അനധികൃത സമാന്തര സര്‍വീസുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, സ്വകാര്യ ബസുകളുടെ വര്‍ധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും കോഓഡിനേഷന്‍ കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്. നികുതിയടക്കാതെ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. മൂന്നുവര്‍ഷത്തിന് മുമ്പാണ് അവസാനമായി മിനിമം കൂലി വര്‍ധിപ്പിച്ചത്.