സീരിയല്‍ താരങ്ങളെ മൂന്നാംകിട ആയിട്ടാണ് സിനിമാക്കാര്‍ കാണുന്നതെന്ന് സീരിയല്‍ സിനിമാ താരം ഷെല്ലി. സിനിമയിലും സീരിയലിലും അഭിനയമാണ് വേണ്ടതെങ്കിലും മലയാള സിനിമയ്ക്ക് ഇന്നും സീരിയല്‍ താരങ്ങള്‍ രണ്ടാം നിരക്കാരാണ്. അകറ്റി നിര്‍ത്തപ്പെടേണ്ടവരാണ്. മുന്‍നിരക്കാരുടെ മാത്രമല്ല പ്രൊഡക്ഷന്‍ ബോയ് മുതലുളളവരുടെ മനോഭാവമാണിത്. എന്തിനാണിങ്ങനെയൊരു വേര്‍തിരിവ്? ഷെല്ലി കിഷോറിന്റെ ചോദ്യമാണ്.
സീരിയല്‍ താരമെന്ന ലേബല്‍ ആണ് മലയാളത്തില്‍ അവസരം നഷ്ടപ്പെടുത്തുന്നത്. ഇപ്പോഴും ആ വേര്‍തിരിവ് ഉണ്ട്. എന്തിനാണെന്ന് മനസിലാകുന്നില്ല. സീരിയല്‍ താരങ്ങളെ മൂന്നാംകിട ആയിട്ടാണ് കാണുന്നത്. അതിപ്പോള്‍ പ്രൊഡക്ഷന്‍ ബോയ് മുതലുളളവരുടെ കാര്യമാണ്. മലയാളത്തില്‍ ഒരു ചിത്രത്തില്‍ (ചിത്രത്തിന്റെ പേര് പറയുന്നില്ല) അഭിനയിക്കണമെങ്കില്‍ സീരിയല്‍ നിര്‍ത്തണമെന്ന് പറഞ്ഞു. പിന്നെ എനിക്ക്, എന്നെ പി ആര്‍ ചെയ്യാനോ മാര്‍ക്കറ്റ് ചെയ്യാനോ അറിയില്ല. അതുകൊണ്ട് ഒരു പക്ഷെ ഞാന്‍ ഇവിടെയുണ്ടെന്ന് മലയാള സിനിമയില്‍ ആര്‍ക്കും അറിയില്ലായിരിക്കുമെന്നും ഷെല്ലി കൂട്ടിച്ചേര്‍ത്തു.
ഷെല്ലിയെ മലയാളികള്‍ക്ക് അധികവും പരിചയം സീരിയല്‍ ആര്‍ട്ടിസ്റ്റ് ആയിട്ടായിരിക്കും. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഷെല്ലിയെ എത്രപേര്‍ക്ക് അറിയാം? റാം സംവിധാനം ചെയ്ത തങ്കമീന്‍ഗള്‍ എന്ന ചിത്രത്തിലെ വടിവ് എന്ന കഥാപാത്രത്തിനായിരുന്നു ഷെല്ലിക്ക് പുരസ്‌കാരം. 2013 ല്‍ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് തങ്കമീന്‍ഗള്‍.
ഇതരഭാഷയില്‍ അംഗീകരിക്കപ്പെട്ടപ്പോഴും മലയാളത്തില്‍ ഇതുവരെ ലഭിച്ചത് 7 ചിത്രങ്ങള്‍ മാത്രം. കാരണം മറ്റൊന്നുമല്ല, ഷെല്ലി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ്. അതുകൊണ്ട് ഈ അഭിനേത്രി മലയാളത്തിന് ഇപ്പോഴും ‘സീരിയല്‍ ആര്‍ട്ടിസ്റ്റ്’ മാത്രമാണ്. എന്നാല്‍ ‘ഈട’യിലെ ലീല എന്ന കഥാപാത്രത്തെ കാണുന്ന ആരൊരാള്‍ക്കും ഷെല്ലിയെ കുറിച്ചുള്ള മുന്‍ധാരണ മാറ്റേണ്ടി വരും. പക്വവും സ്വാഭാവികവുമായ അഭിനയത്തിലൂടെ ലീലയെ ഹൃദയസ്പര്‍ശിയാക്കി തീര്‍ത്ത ഷെല്ലിക്ക് മുന്നില്‍ ഇനിയും മലയാള സിനിമയ്ക്ക് മുഖം തിരിഞ്ഞു നില്‍ക്കാനാവില്ലെന്നാണ് വിശ്വാസം. സീരിയല്‍ താരമെന്ന ലേബല്‍ ആണ് മലയാളത്തില്‍ അവസരം നഷ്ടപ്പെടുത്തുന്നതെന്ന് ഷെല്ലി പറയുന്നു.