ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആശങ്ക ഉയരുന്നതിനിടെ ഇതിനെ നിസാര വത്കരിച്ച് കേന്ദ്ര മന്ത്രി. അഭ്യൂഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി വരുന്ന പുതിയ കാര്യങ്ങളെ സ്വകാര്യതയുടെ പേരില്‍ ഇല്ലാതാക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യാന്തര വാണിജ്യ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം ന്യൂഡല്‍ഹിയില്‍ നിര്‍വഹിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
വ്യാവസായിക വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കാതെപോയത് ലൈസന്‍സ് രാജ് മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. യാത്രചെയ്യുകയെന്നത് വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ വിമാനം അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്രചെയ്യുമ്പോള്‍ എല്ലാം രേഖപ്പെടുത്തപ്പെടുന്നു.
ഭക്ഷണശാലയില്‍നിന്ന് ഭക്ഷണം കഴിച്ചാലും ബില്ലായി തെളിവ് അവശേഷിക്കുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യതയ്ക്ക് അമിത പ്രാധാന്യം നല്‍കരുത്. ആരോഗ്യ വിവരങ്ങളും ബാങ്ക് രേഖകളും കര്‍ശനമായും സ്വകാര്യ വിവരങ്ങളായിരിക്കും. നിരവധി വ്യാജ അക്കൗണ്ടുകളും വ്യാജ അധ്യാപകരെയും ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനായെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.