തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ ജയിലുകളിലെ സെല്ലുകള്‍ക്കു മുന്നില്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്നു. ഈ മാസം 15നകം പരാതിപ്പെട്ടി സ്ഥാപിക്കണമെന്നു ജയില്‍ ഡിജിപി ബി. ശ്രീലേഖയുടെ ഉത്തരവ്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 10നു മുന്‍പ് പെട്ടി തയാറാക്കി മറ്റു ജയിലുകള്‍ക്കു നല്‍കണം. ഡിജിപി ജയിലുകള്‍ സന്ദര്‍ശിച്ചപ്പോള്‍ തടവുകാരില്‍നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു പെട്ടി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അന്തേവാസികളുടെ ന്യായമായ പരാതികള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ഈ സംവിധാനമെന്നു ശ്രീലേഖ പറഞ്ഞു. ഡിജിപി നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥനാണു പരാതിപ്പെട്ടിയുടെ ചുമതല. പരാതിപ്പെട്ടി സീല്‍ ചെയ്യേണ്ടതും നിശ്ചിത ദിവസം പെട്ടി തുറന്നു പരാതികള്‍ ഡിജിപിക്ക് എത്തിക്കേണ്ടതും ഈ ഉദ്യോഗസ്ഥന്‍ തന്നെയാണ്.