ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കണം, ലോക്സഭയില്‍ സുഷമ സ്വരാജ് ശശി തരൂര്‍ വാക്പോര്

ന്യൂഡല്‍ഹി: ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി ലോക്സഭയുടെ ചോദ്യോത്തരവേളയില്‍ വാക്പോര്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മിലാണ് വിഷയത്തില്‍ പോര് മുറുകിയത്. ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട് പിന്തുണ തേടി 129 യുഎന്‍ അംഗരാജ്യങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സുഷമ സ്വരാജ് സഭയെ അറിയിച്ചതിന് പിന്നാലെയാണ് തരൂര്‍ വിയോജിപ്പ് അറിയിച്ചത്.

ഒരു ഭാഷ യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ചെലവേറിയതാണ്. നിലവിലെ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും മാത്രം പരിഗണിച്ച് ഇത്തരമൊരു തീരുമാനമെടുക്കേണ്ടതുണ്ടോ എന്ന് തരൂര്‍ ചോദിച്ചു. ഇപ്പോഴത്തെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഹിന്ദി സംസാരിക്കുന്നതില്‍ പ്രാവീണ്യമുള്ളവരാണെങ്കിലും, ഭാവിയില്‍ ഈ സ്ഥാനങ്ങളിലെത്തുന്നത് കേരളം, തമിഴ്നാട്, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ അവര്‍ യുഎന്നില്‍ ഹിന്ദി സംസാരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാകുമോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണെങ്കിലും ദേശീയ ഭാഷയല്ല. ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദി സംസാരിക്കുന്നവര്‍ ഇല്ലാത്തതിനാല്‍ ഹിന്ദി പരിഭാഷയ്ക്കായി പണം ചെലവാക്കുന്നത് മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

നേപ്പാള്‍, ഫിജി, സൂരിനാം, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദി സംസാരിക്കുന്ന കാര്യം മറുപടിയായി സുഷമ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ മാത്രമാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് കരുതുന്നതെങ്കില്‍ അത് തരൂരിന്റെ അറിവില്ലായ്മയാണെന്നും സുഷമ വ്യക്തമാക്കി.

ഹിന്ദി യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് നിലവില്‍ ഇന്ത്യ. എന്നാല്‍, ഇത് ചെലവേറിയ ഏര്‍പ്പാടാണ്. മാത്രമല്ല, ഇതിന് മൂന്നില്‍ രണ്ട് അംഗരാജ്യങ്ങളുടെയും പിന്തുണയും ആവശ്യമാണ്. ആകെയുള്ള 193 അംഗങ്ങളില്‍ 129 പേരുടെയും പിന്തുണ വേണമെന്ന് ചുരുക്കം. ഈ പിന്തുണ സമാഹരിക്കാനുള്ള ചര്‍ച്ചകളിലാണ് രാജ്യമെന്നാണ് സുഷമ സഭയെ അറിയിച്ചത്.

എന്നാല്‍, ഹിന്ദി യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കിയാല്‍ മറ്റു രാജ്യങ്ങള്‍ക്കും ചെലവേറുമെന്നതാണ് പ്രധാന പ്രശ്നം. യുഎന്നിലെ പ്രസംഗങ്ങളും യുഎന്‍ രേഖകളുമെല്ലാം ഔദ്യോഗിക ഭാഷകളില്‍ ലഭ്യമാക്കണമെന്നാണ് ചട്ടം. നിലവില്‍ ആറ് ഭാഷകളാണ് യുഎന്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ഇംഗ്ലിഷ്, ചൈനീസ്, അറബി, റഷ്യന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിവ.

ഒരംഗം ഏതെങ്കിലും ഔദ്യോഗിക ഭാഷയില്‍ പ്രസംഗിക്കുമ്പോള്‍ തല്‍സമയം മറ്റ് അഞ്ച് ഔദ്യോഗിക ഭാഷകളിലും അതിന്റെ പരിഭാഷ ലഭ്യമാക്കുന്നുണ്ട്. ഇതിനായി നൂറു കണക്കിന് ഭാഷാ വിദഗ്ധരാണ് യുഎന്നിന്റെ വിവിധ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും അംഗം അനൗദ്യോഗിക ഭാഷയില്‍ സംസാരിച്ചാല്‍ ഏതെങ്കിലുമൊരു ഔദ്യോഗിക ഭാഷയിലുള്ള തര്‍ജമയും ഇതിനൊപ്പം നല്‍കണം. അതുകൊണ്ടുതന്നെ പുതിയൊരു ഭാഷ കൂടി യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കിയാല്‍ ചെലവും അതിനനുസരിച്ച് കൂടും. ഈ ചെലവ് എല്ലാ അംഗരാജ്യങ്ങളും കൂടിയാണ് വഹിക്കേണ്ടത്.

എന്നാല്‍, ചെറിയ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഈ ചെലവ് താങ്ങുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിന് അവരുടെ പിന്തുണ സമാഹരിക്കുന്നതും കഠിനമാണ്. ഈ പ്രായോഗിക ബുദ്ധിമുട്ട് സുഷമ സഭയെ അറിയിക്കുകയും ചെയ്തു. എങ്കിലും, ഹിന്ദിയെ ‘യുഎന്നിലെത്തിക്കാനുള്ള’ ശ്രമങ്ങള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി. അതിനായി 40 കോടി രൂപ വകയിരുത്തണമെന്ന് ഒരു ബിജെപി അംഗം ആവശ്യപ്പെട്ടപ്പോള്‍, ‘400 കോടി ചെലവാക്കാനും തയാര്‍’ എന്നായിരുന്നു സുഷമയുടെ പ്രതികരണം. ഇതിനു പിന്നാലെയായിരുന്നു തരൂരിന്റെ ഇടപെടല്‍.

Similar Articles

Comments

Advertismentspot_img

Most Popular