ഇനിമുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കേണ്ടത് ബോണ്ടുകള്‍ വഴി, രൂപരേഖ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുന്നതിനായുള്ള തെരഞ്ഞെടുപ്പു ബോണ്ടിന്റെ രൂപരേഖ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു തെരഞ്ഞെടുപ്പു ബോണ്ട് പ്രത്യേകതകളും രൂപരേഖയും വ്യക്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ മാറ്റിയെടുക്കാവുന്നയായിരിക്കും തെരഞ്ഞെടുപ്പു ബോണ്ടുകള്‍.

തെരഞ്ഞെടുപ്പു ബോണ്ടുകളില്‍ സംഭാവന നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തില്ലെന്നും ജയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കി. 1000 രൂപ മുതല്‍ ഒരു കോടി രൂപയുടെ വരെ തെരഞ്ഞെടുപ്പു ബോണ്ടുകളാണു പുറത്തിറക്കുന്നത്. ബോണ്ട് മാറി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം കൈപ്പറ്റുന്നത് വരെ എസ്ബിഐ ആയിരിക്കും സംഭാവന നല്‍കുന്ന ആളുടെ പണം സംരക്ഷിക്കുന്നത്. പ്രോമിസറി നോട്ടിനു സമാനമായി പലിശരഹിത ബോണ്ടുകളാണു തെരഞ്ഞെടുപ്പു ബോണ്ടുകള്‍. 15 ദിവസത്തെ കാലാവധിയാണ് തെരഞ്ഞെടുപ്പു ബോണ്ടുകള്‍ക്കുള്ളത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മാത്രമാണു തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ സംഭാവന സ്വീകരിക്കാന്‍ കഴിയും. മുന്‍ ലോക്‌സഭ, അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ആകെ ലഭിച്ച വോട്ടിന്റെ ഒരു ശതമാനമെങ്കിലും ലഭിച്ച പാര്‍ട്ടികള്‍ക്കു മാത്രമേ ബോണ്ട് സ്വീകരിക്കാന്‍ കഴിയൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനകള്‍ സുതാര്യമാക്കുന്നതിനാണ് തെരഞ്ഞെടുപ്പു ബോണ്ടുകള്‍ പുറത്തിറക്കുന്നതെന്നാണു സര്‍ക്കാര്‍ വിശദീകരണം.

Similar Articles

Comments

Advertismentspot_img

Most Popular