മോദിയെ കണ്ടു പഠിക്കൂ.. ഇന്ത്യയുടെ വിദേശ നയം നോക്കൂ.., പാക്കിസ്ഥാന് രാജ്യാന്തര തലത്തില്‍ ബഹുമാനം കിട്ടുന്നില്ല: പര്‍വേസ് മുഷറഫ്

ദുബായ്: രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന് കാര്യമായ ബഹുമാനം കിട്ടുന്നില്ലെന്നു മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയുടെ വിദേശ നയത്തെയും പ്രകീര്‍ത്തിച്ചും മുഷറഫ് സംസാരിച്ചു. ‘പാക്കിസ്ഥാന്റെ നയതന്ത്രം നിഷ്‌ക്രിയമാണ്. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. പാക്കിസ്ഥാന് രാജ്യാന്തരതലത്തില്‍ എന്തെങ്കിലും ബഹുമാനം കിട്ടുന്നുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കൂ. മോദി പാക്കിസ്ഥാനുമേല്‍ ആധിപത്യം സ്ഥാപിക്കുകയാണ്. എന്തിനാണ് ലഷ്‌കറെ തയിബ ഭീകര സംഘടനയാണെന്ന് നമ്മള്‍ അംഗീകരിച്ചത്?’– മുഷറഫ് ചോദിച്ചു. ദുബായിലെ വസതിയില്‍, പാക്കിസ്ഥാനിലെ ദുനിയ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഷറഫിന്റെ പരാമര്‍ശങ്ങള്‍.
പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യവും മുഷറഫ് പരാമര്‍ശിച്ചു. കുല്‍ഭൂഷണ്‍ ചാരനാണെന്ന് ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. പിന്നെയെന്തിനാണ് ലഷ്‌കര്‍ ഭീകരരാണെന്ന് പാക്കിസ്ഥാന്‍ സമ്മതിച്ചത്. തന്റെ ഭരണകാലത്ത് പാക്കിസ്ഥാന്‍ സജീവമായ നയതന്ത്രമാണ് കൈക്കൊണ്ടിരുന്നതെന്നും മുഷറഫ് പറഞ്ഞു. അര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതാണ് അഭിമുഖം.
അടുത്തിടെ, ഭീകര സംഘടനകളായ ലഷ്‌കറെ തയിബയെയും ജമാഅത്തുദ്ദഅവയെയും ദേശസ്‌നേഹികളെന്നു വിളിച്ച് മുഷറഫ് രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന്റെ സുരക്ഷയ്ക്കായി ‘ദേശ സ്‌നേഹികളായ’ ഈ സംഘടനകളുമായി സഖ്യമുണ്ടാക്കാന്‍ തയാറാണ്. പാക്കിസ്ഥാനും കശ്മീരിനും വേണ്ടി ലഷ്‌കര്‍, ജമാഅത്തുദ്ദഅവ അംഗങ്ങള്‍ സ്വന്തം ജീവന്‍ തന്നെ നല്‍കുന്നതായും മുഷറഫ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular