ഡോക്റ്റര്‍മാര്‍ സമരത്തില്‍; ഒപി ബഹിഷ്‌കരണം ഒരുമണിക്കൂര്‍; മെഡിക്കല്‍ ബന്ദ് ആശുപത്രി പ്രവര്‍ത്തനം താളം തെറ്റി

കൊച്ചി: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ചൊവ്വാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്.
അടിയന്തര ചികിത്സാവിഭാഗം മാത്രമേ ഈ സമയത്ത് പ്രവര്‍ത്തിക്കൂ. കേരളത്തിലും ബന്ദുണ്ടാകുമെന്ന് ഐ.എം.എ. സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതര പരിചരണ സേവനങ്ങളും ഒഴികെ എല്ലാ ആസ്പത്രി സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മറും സെക്രട്ടറി ഡോ. എന്‍. സുല്‍ഫിയും പറഞ്ഞു.
ബന്ദ് നടത്താനുള്ള അലോപ്പതി ഡോക്ടര്‍മാരുടെ തീരുമാനം ആസ്പത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. അത്യാഹിത വിഭാഗത്തിലൊഴികെ കാര്യമായ സേവനം കിട്ടാനിടയില്ല. സര്‍ക്കാര്‍ ആസ്പത്രികളില്‍ ഒരുമണിക്കൂര്‍ ഒ.പി. ബഹിഷ്‌കരണമാണ് പറയുന്നതെങ്കിലും പ്രവര്‍ത്തനം സ്തംഭിക്കാനാണ് സാധ്യത.
ബില്ലിലെ വിവാദ വ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഐ.എം.എ. അറിയിച്ചിട്ടുണ്ട്. ബില്‍ പാസാക്കാന്‍ തിടുക്കം കാണിക്കുന്നതിനു പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്. പഠനം അസാധ്യമാക്കുമെന്ന് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസത്തിന്റെ നിലവാരം താഴും. അഴിമതി വളര്‍ത്താനാണ് ഇത് ഉപകരിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular