അടൂർ: ഹോംനഴ്സ് ജോലി വാഗ്ദാനം ചെയ്ത് 77-കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് മർദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ഒളിവിലായിരുന്ന 61-കാരനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചുനക്കര കോമല്ലൂർ പുളിമൂട്ടിൽ ഷോജിൻ വില്ലയിൽ ജി. ഷാജിയെയാണ് പിടികൂടിയത്.
ജൂലൈ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അടൂർ ഭാഗത്തുള്ള സർവീസ് സഹകരണ ബാങ്കിലേക്ക് പോകുകയായിരുന്ന വയോധികയെ ഓട്ടോറിക്ഷയിലെത്തിയ ഷാജി തടഞ്ഞുനിർത്തി എവിടേക്കാണ് പോകുന്നതെന്ന് അന്വേഷിച്ചു. ഹോംനഴ്സായി ജോലി ചെയ്യുന്നുണ്ടെന്ന് വയോധിക പറഞ്ഞതോടെ, കണ്ടാൽ സ്വന്തം അമ്മയെപ്പോലെയുണ്ടെന്നും വീട്ടിൽ ഹോംനഴ്സിനെ ആവശ്യമുണ്ടെന്നും ഇയാൾ അറിയിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി ചുനക്കരയിലെ വീട്ടിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വയോധികയുടെ മൊഴി.
പിന്നീട് വയോധികയെ നൂറനാട് ഭാഗത്ത് കൊണ്ടുവിട്ടു. അടുത്ത ദിവസം ഷാജി വീണ്ടും ഫോണിൽ വിളിച്ച് നൂറനാട് ഭാഗത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോൾ പണയംവെക്കാനായി സ്വർണം ആവശ്യപ്പെട്ടു. വയോധിക വിസമ്മതിച്ചതോടെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
ഇതിനുപിന്നാലെ വയോധികയുടെ സ്കൂട്ടർ പഴയ ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കടയിൽ പണയംവെക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് 30,000 രൂപയും ഇയാൾ കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.