ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയിൽ നിന്ന് ലൈംഗികാതിക്രമ ആരോപണം നേരിട്ട അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എസിപി) വിവേക് ഭഗത്, മാധ്യമപ്രവർത്തകയ്ക്കെതിരെ പോലീസിൽ പരാതി നൽകി. തനിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയെന്നും ലൈംഗിക വേട്ടക്കാരനാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം പരാതിയിൽ ആരോപിച്ചു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരടക്കമുള്ളവർ ആരോപണങ്ങൾ പ്രചരിപ്പിച്ചതായും അദ്ദേഹം പരാതിയിൽ പറയുന്നു.
എൻഡിടിവിക്ക് ലഭിച്ച എഫ്ഐആർ പ്രകാരം, ഒക്ടോബർ മൂന്നിന് തിരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടിക്കുമെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചുമതല നിർവഹിക്കുകയായിരുന്നു വിവേക് ഭഗത്. ഇതിനിടെ ബൂട്ടാ സിങ് റൗണ്ട് എബൗട്ടിന് സമീപം വെച്ച് വനിതാ മാധ്യമപ്രവർത്തക തനിക്കെതിരെ പരസ്യമായി ജാതീയ അധിക്ഷേപം നടത്തുന്നത് കേട്ടതായി അദ്ദേഹം പരാതിയിൽ പറയുന്നു. എസിപിയായി നിയമിക്കപ്പെട്ടതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പരാമർശങ്ങളെന്നും എന്നാൽ അവ അവഗണിച്ച് താൻ ഔദ്യോഗിക ചുമതലകളുമായി മുന്നോട്ടുപോയെന്നും ഭഗത് വ്യക്തമാക്കി.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പ്രതിഷേധക്കാരെ നിയന്ത്രിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന നടപടിക്കിടെ എസിപി ലൈംഗികാതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്തക ആരോപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മാധ്യമപ്രവർത്തകയും സഹപ്രവർത്തകരും പലതവണ തന്നെ നേരിട്ട് ചോദ്യം ചെയ്തതായും ഇത് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കിയെന്നും ഭഗത് ആരോപിച്ചു. അന്ന് വൈകുന്നേരം മാധ്യമപ്രവർത്തകയും മറ്റുള്ളവരും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയും തനിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. തന്നെ ലൈംഗിക വേട്ടക്കാരനെന്നും ബലാത്സംഗം ചെയ്യാൻ സാധ്യതയുള്ള വ്യക്തിയെന്നും ചിത്രീകരിച്ചുവെന്നാണ് ഭഗത്തിന്റെ ആരോപണം. മാധ്യമപ്രവർത്തകയും സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ്, രത്ന സിങ് എന്നിവരടക്കമുള്ളവരും സമാനമായ ആരോപണങ്ങൾ ഉൾപ്പെടുത്തി എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും റീലുകളും പങ്കുവെച്ചതായും അദ്ദേഹം ആരോപിച്ചു.
ജാതീയ അധിക്ഷേപവും തുടർന്നുണ്ടായ പരസ്യമായ ആരോപണങ്ങളും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും തനിക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും വ്യക്തിപരമായും ഔദ്യോഗികമായും പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും ഭഗത് പരാതിയിൽ പറയുന്നു.
അതേസമയം, എസിപിക്കെതിരെ വനിതാ മാധ്യമപ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതി ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഭഗത് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, പൊതുസേവകന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ, ഭാരതീയ ന്യായ സംഹിതയിലെ അപകീർത്തിപ്പെടുത്തലുമായി ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ പ്രകാരമാണ് ഭഗത്തിന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
വനിതാ മാധ്യമപ്രവർത്തക എസിപിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ വിവേക് ഭഗത് ഉൾപ്പെടെ ഡൽഹി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാമൻ ദിയു, ദാദ്ര നഗർ ഹവേലി പോലീസ് സർവീസായ ഡാനിപ്സ് കേഡറിലെ 12 ഉദ്യോഗസ്ഥർക്ക് താൽക്കാലികമായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡിസിപി) പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ഉയരുന്നതിന് മുമ്പുതന്നെ സ്ഥാനക്കയറ്റത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെന്ന് ഡൽഹി സർക്കാർ വിശദീകരിച്ചെങ്കിലും പിന്നീട് സ്ഥാനക്കയറ്റം തടഞ്ഞുവെക്കുകയായിരുന്നു.
ജൂണിൽ ജന്തർ മന്തർ, കണോട്ട് പ്ലേസ് മേഖലകളിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നും വിവേക് ഭഗത് വാർത്തകളിൽ ഇടം നേടിയിരുന്നു. അന്ന് ജനക്കൂട്ടം അദ്ദേഹത്തെ വളഞ്ഞ് ആക്രമിച്ചതായും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തിയതായുമാണ് റിപ്പോർട്ടുകൾ.