കോട്ടയം: ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ കിടന്ന യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് പോലീസ്. കോട്ടയം ചിങ്ങവനത്താണ് സംഭവം. ചിങ്ങവനം എസ്.ഐ അജ്മൽ ഷായുടെ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ദാമ്പത്യപ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ ജീവനൊടുക്കാൻ തീരുമാനിച്ച യുവാവ് താൻ യാത്രയാകുകയാണെന്ന് അജ്മൽ ഷായെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. മരിച്ചാൽ ഭാര്യയെ വിവരം അറിയിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഫോണിലൂടെ സംസാരിച്ച് യുവാവിനെ പിന്തിരിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സംസാരത്തിനിടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു.
യുവാവ് റെയിൽവേ ട്രാക്കിൽ കിടക്കുകയാണെന്ന് മനസിലാക്കിയതോടെ പോലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഇരുട്ടിൽ ട്രാക്കിലൂടെ ഓടിയെത്തിയ പോലീസ് സംഘം ഒടുവിൽ പാളത്തിൽ മൊബൈൽ ഫോണിന്റെ വെളിച്ചം കണ്ടെത്തി. തുടർന്ന് യുവാവിനെ ട്രാക്കിൽനിന്ന് മാറ്റി സുരക്ഷിതനാക്കി.
“നിന്റെ അമ്മയും സഹോദരനും സുഹൃത്തുക്കളുമെല്ലാം നിന്നെ സ്നേഹിക്കുന്നവരാണ്. ഞങ്ങളും നിന്റെ കൂടെയുണ്ട്. നീ വിളിച്ചപ്പോൾ ഞാൻ വന്നില്ലേ… ഞങ്ങൾ കൂടെയുള്ളപ്പോൾ നിന്നെ മരിക്കാൻ വിടുമോ?” എന്നായിരുന്നു യുവാവിനോട് പോലീസിന്റെ വാക്കുകൾ.
ആശ്വസിപ്പിച്ചും സംസാരിച്ചും യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പോലീസിന് കഴിഞ്ഞു. തുടർന്ന് യുവാവിന് ഭാര്യയുമായി സംസാരിക്കാനും അവസരമൊരുക്കി. നിലവിൽ ബന്ധുക്കൾക്കൊപ്പമാണ് യുവാവ്. കൗൺസിലിങ് നൽകുമെന്നും പോലീസ് അറിയിച്ചു.
‘സ്വർണവില ഇടിഞ്ഞതുകൊണ്ട് വിപണി തകരില്ല; കേരളത്തിന്റെ സ്വർണവ്യാപാരത്തിന് ഭാവി ശക്തം’