കൊല്ലം: വ്യാജ പോക്സോ കേസിൽ കുടുങ്ങി 53 ദിവസം ജയിലിൽ കഴിയേണ്ടിവന്ന തേവലക്കര സ്വദേശി ഗോപകുമാറിനെ രണ്ടുവർഷത്തിനുശേഷം കോടതി വെറുതെവിട്ടു. 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്. കരുനാഗപ്പള്ളി പോക്സോ കോടതിയാണ് ഗോപകുമാർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്. തെറ്റ് ചെയ്യാത്ത നിരവധി പേർ കള്ളക്കേസുകളിൽ കുടുങ്ങി ദുരിതമനുഭവിക്കുന്നുണ്ടെന്നും പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടെന്നും ഗോപകുമാർ ആരോപിച്ചു. തന്റെ അനുഭവം മറ്റൊരാൾക്കും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവർത്തകനായ ഗോപകുമാർ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായിരിക്കെയാണ് കേസിൽ അറസ്റ്റിലാകുന്നത്. 2024 ഓഗസ്റ്റ് ഏഴിനാണ് തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ അദ്ദേഹത്തിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. അടുത്തറിയാവുന്നവരെല്ലാം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിച്ചത് വലിയ ആശ്വാസമായിരുന്നുവെന്ന് ഗോപകുമാർ പറഞ്ഞു. എന്നാൽ ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം പൊതുഇടങ്ങളിൽ പോകുമ്പോൾ പലരും മോശക്കാരനായി കണ്ട് ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം കണ്ണീരോടെ ഓർത്തെടുത്തു.
ഗോപകുമാറിന്റെ ഭാര്യയ്ക്ക് ആദ്യഭർത്താവിലുള്ള മകളാണ് പരാതിക്കാരിയായ 13 വയസ്സുകാരി. ഭാര്യയ്ക്കും മകൾക്കും സംരക്ഷണം നൽകിയിരുന്നത് ഗോപകുമാറായിരുന്നു. ആദ്യഭർത്താവിന് തന്നോട് വിരോധമുണ്ടായിരുന്നുവെന്ന് ഭാര്യ നേരത്തേ പറഞ്ഞിരുന്നതായും ഗോപകുമാർ പറയുന്നു. ഇരുവരും തമ്മിൽ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കുന്നതിനിടെയാണ് ഭാര്യയോടുള്ള വിരോധം തീർക്കാൻ മുൻഭർത്താവ് മകളെക്കൊണ്ട് തനിക്കെതിരെ പരാതി നൽകിച്ചതെന്നാണ് ഗോപകുമാറിന്റെ ആരോപണം.
ഭാര്യയെ തന്നിൽനിന്ന് അകറ്റുകയായിരുന്നു പരാതിക്ക് പിന്നിലെ ലക്ഷ്യമെന്നും തന്നിലൂടെ മാത്രമേ ഭാര്യയെ വേദനിപ്പിക്കാൻ കഴിയൂ എന്ന് അറിയാവുന്നതിനാലാണ് തന്നെ കരുവാക്കിയതെന്നും ഗോപകുമാർ ആരോപിച്ചു. ഭാര്യയെ പലതവണ ജീവിക്കാൻ അനുവദിക്കില്ലെന്ന് മുൻഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെന്നാണ് ഗോപകുമാറിന്റെ ആരോപണം. ജയിലിൽ പോകേണ്ടിവന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും പൊലീസ് അത് ഗൗരവത്തിലെടുത്തില്ലെന്നും എസ്എച്ച്ഒ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
‘ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിടക്കുമ്പോഴുള്ള വേദന വിവരിക്കാനാകില്ല. പോക്സോ കേസ് പ്രതിയെന്ന നിലയിൽ സമൂഹം നോക്കിക്കാണുന്നത് സഹിക്കാനാകാത്ത അവസ്ഥയായിരുന്നു. ശക്തമായ തെളിവുകൾ നിരത്തിയപ്പോൾ കോടതി ഞാൻ തെറ്റുകാരനല്ലെന്ന് തിരിച്ചറിഞ്ഞു. വിധിയിൽ സന്തോഷവും ആശ്വാസവുമുണ്ട്. എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്’ – ഗോപകുമാർ പറഞ്ഞു.