പാലക്കാട്: കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ ഷാഫി പറമ്പിൽ എംപിക്കെതിരെ പാലക്കാട് പരിഹാസ ഫ്ലക്സ് ബോർഡുകൾ. ‘ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫി’ എന്നാണ് ഫ്ലക്സിലെ വാചകം. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ബോർഡുകൾ ഉയർന്നത്.
കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിനെ പിന്തുണച്ച് വിവിധയിടങ്ങളിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പാലക്കാട് ഷാഫിയെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സിന് മുന്നിൽ തന്നെയാണ് പുതിയ പരിഹാസ ബോർഡുകൾ ഉയർന്നതെന്നതും ശ്രദ്ധേയമാണ്.
ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മന്ത്രി ഒ.ജെ. ജനീഷ് ഉൾപ്പെടെയുള്ള യുവനേതാക്കൾ ഷാഫിക്ക് പിന്തുണയുമായി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ താൻ മാവിലായിക്കാരനാണെന്ന് പറഞ്ഞ് വിവാദത്തിൽനിന്ന് ഒഴിഞ്ഞുമാറിയെങ്കിലും കോൺഗ്രസിനുള്ളിലെ ഇരുവിഭാഗങ്ങളും പരസ്യപ്രതികരണങ്ങൾ തുടരുകയാണ്.
ഉമ്മൻചാണ്ടിക്കൊപ്പം നിന്നവരുടെ കൂട്ടായ്മയെന്ന നിലയിൽ നേതാക്കൾ കൈകോർക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ പേര് ഉപയോഗിച്ച് ഷാഫിയെ വിമർശിച്ചതാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. ‘ക്ലൂ’ നൽകി വിരട്ടിയും ഉമ്മൻചാണ്ടിക്കുവേണ്ടി നിന്നിട്ടില്ലെന്ന് ആരോപിച്ചും രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ വിമർശനങ്ങൾ അതിരുകടന്നതാണെന്നായിരുന്നു എ ഗ്രൂപ്പിന്റെ നിലപാട്. എന്നാൽ ഉമ്മൻചാണ്ടിയുടെ കുടുംബം ഉണ്ണിത്താനെ പിന്തുണച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി.
അതേസമയം, ഷാഫിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള യുവനേതാക്കളും രംഗത്തെത്തി. യുഡിഎഫിന്റെ 102 സീറ്റ് വിജയത്തിൽ ഷാഫിക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.എം. അഭിജിത്ത് എംപിയെ പ്രശംസിച്ചു. ഉണ്ണിത്താനെതിരെ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന വാദവുമായി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി.
വിവാദത്തിന് പിന്നിൽ മുഖ്യമന്ത്രിക്കുവേണ്ടിയുള്ള നീക്കമാണെന്നാണ് എ ഗ്രൂപ്പിന്റെയും കെ.സി. പക്ഷത്തിന്റെയും വിലയിരുത്തൽ. എന്നാൽ, ഡൽഹിയിലെ എ ഗ്രൂപ്പിന്റെ നീക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഇതിന് പിന്നിൽ കെ.സി. പക്ഷമാണെന്നും വി.ഡി. പക്ഷം തിരിച്ചടിക്കുന്നു. അതേസമയം, വിവാദത്തിൽ താൻ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.