BREAKING NEWS

27 ദിവസം ഉറക്കാതെ ചോദ്യംചെയ്തു, ഉറക്കം നിഷേധിക്കുന്നതായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പീഡനരീതി, മണിക്കൂറുകളോളം അസ്വാഭാവികമായ ശരീരനിലയിൽ നിർത്തുകയോ, ഇരുത്തുകയോ ചെയ്യുന്ന രീതികളും ശാരീരിക പീഡനങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നു- ഒരു അഭിഭാഷകൻ!! പലസ്തീൻ തടവുകാരെ പീഡിപ്പിച്ച് കുറ്റസമ്മതം നടത്തിക്കുന്നതായി ഇസ്രയേൽ;

· · 1 min read
Share: Copied!

ടെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേൽ സർക്കാർ പലസ്തീൻ തടവുകാരിൽനിന്ന് കുറ്റസമ്മതം നേടിയെടുക്കാൻ പീഡനമുറകൾ പ്രയോ​ഗിച്ചിരുന്നതായി റിപ്പോർട്ട്. ഇസ്രയേലിലെ പീഡനവിരുദ്ധ പൊതുസമിതിയായ പബ്ലിക് കമ്മിറ്റി എഗെയ്ൻസ്റ്റ് ടോർച്ചർ ഇൻ ഇസ്രയേൽ (PCATI) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ പലസ്തീൻ തടവുകാർക്കുവേണ്ടി സംഘടന പരാതി നൽകിയ 42 കേസുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെത്തിന്റെ ചോദ്യംചെയ്യൽ ഉദ്യോഗസ്ഥർ പലപ്പോഴും തടവുകാരെ പീഡിപ്പിച്ച വിവരങ്ങൾ ഔദ്യോഗിക രേഖകളിൽത്തന്നെ ഉൾപ്പെടുത്തിയിരുന്നതായും ചോദ്യംചെയ്യലിനിടെ പ്രത്യേക പീഡനരീതികൾ ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി നൽകിയിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പീഡനത്തിലൂടെ നേടിയെടുക്കുന്ന കുറ്റസമ്മതങ്ങളുടെ അടിസ്ഥാനത്തിൽ പലസ്തീനികളെ ലക്ഷ്യമിടുന്ന പുതിയ വധശിക്ഷാ നിയമം ഇസ്രയേൽ നടപ്പാക്കാൻ നീക്കം നടത്തുന്നതിനിടെ ഇത്തരം നടപടികൾ നീതിയുടെ കാര്യത്തിൽ തിരുത്താനാകാത്ത വീഴ്ചകൾക്ക് വഴിവയ്ക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

75 ശതമാനത്തിലധികം കേസുകളിൽ പീഡനത്തിനുശേഷം കുറ്റസമ്മതം

ഇസ്രയേൽ അധികൃതർ പീഡനത്തെ സ്ഥാപനവത്കരിച്ച രീതിയായി ഉപയോഗിക്കുന്നുവെന്നും ഇക്കാര്യത്തിൽ തർക്കമില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പരിശോധിച്ച കേസുകളിൽ നാലിൽ മൂന്നിലധികം സംഭവങ്ങളിലും പീഡനത്തിനോ മറ്റ് നിയമവിരുദ്ധമായ ചോദ്യംചെയ്യൽ രീതികൾക്കോ വിധേയരായ ശേഷമാണ് പലസ്തീൻ തടവുകാർ കുറ്റസമ്മതം നടത്തിയത്. പത്തിലൊരാൾ മറ്റുള്ളവർക്കെതിരായ കുറ്റസൂചനകളും നൽകിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികളും ഇസ്രയേലിന്റെ ഔദ്യോഗിക അന്വേഷണ സംവിധാനങ്ങളും ഇത്തരം പീഡനങ്ങളെക്കുറിച്ച് നേരത്തേ തന്നെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പലസ്തീൻ തടവുകാരുടെ കാര്യത്തിൽ കുറ്റസമ്മതം നേടിയെടുക്കാനുള്ള ഉപാധിയായി പീഡനത്തെ ഇസ്രയേലിന്റെ നിയമവ്യവസ്ഥ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്നാണ് പിസിഎടിഐ എക്സിക്യൂട്ടീവ് ഡയറക്ടർ സാരി ബാഷി ഗാർഡിയനോട് പറഞ്ഞത്. കുറ്റസമ്മതത്തിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്നുപോലും പരിഗണിക്കാതെയാണ് ഇതെന്നും അവർ ആരോപിച്ചു.

1962നുശേഷം ആദ്യമായി ഇസ്രയേലിൽ വധശിക്ഷ നടപ്പാക്കാനുള്ള നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ചോദ്യംചെയ്യലിനായി പീഡനം ഉപയോഗിക്കുന്നത് അതീവ ഗുരുതരമാണെന്നും ബാഷി പറഞ്ഞു.

27 ദിവസം ഉറക്കാതെ ചോദ്യംചെയ്തു

2019 ഫെബ്രുവരിയിൽ അറസ്റ്റിലായ ഒരു പലസ്തീൻ അഭിഭാഷകൻ നേരിട്ട പീഡനത്തിന്റെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായ ഉറക്കമില്ലായ്മയ്ക്ക് വിധേയനാക്കിയായിരുന്നു ചോദ്യംചെയ്യൽ. 27.5 ദിവസം അഥവാ 660 മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ കാലയളവിൽ 552 മണിക്കൂറിലധികം ഇയാളെ ചോദ്യംചെയ്തു. പ്രതിദിനം ശരാശരി 20 മണിക്കൂറായിരുന്നു ചോദ്യംചെയ്യൽ. ഒരു ചോദ്യംചെയ്യൽ സെഷൻ ഏകദേശം 48 മണിക്കൂറോളം നീണ്ടതായും റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ള 108 മണിക്കൂറിൽ ഭൂരിഭാഗവും തടങ്കൽ സംബന്ധിച്ച ഹിയറിങ്ങുകൾക്കായി യാത്ര ചെയ്യാനും അവയിൽ പങ്കെടുക്കാനുമാണ് ചെലവഴിച്ചത്.

1999ലെ സുപ്രീംകോടതി വിധിയിൽ ചോദ്യംചെയ്യൽ രീതിയായി മനഃപൂർവം ഉറക്കം നിഷേധിക്കുന്നത് ഇസ്രയേൽ നിരോധിച്ചിരുന്നു. എന്നാൽ ഈ വിധി നിലനിൽക്കെയാണ് പലസ്തീൻ അഭിഭാഷകനെ ഉറക്കം നിഷേധിച്ച് ചോദ്യംചെയ്തത്. ഈ കാലയളവിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു കേസിൽ പീഡനമുറകൾ ഉപയോഗിച്ച് ഒരാളിൽനിന്ന് നേടിയെടുത്ത തെറ്റായ കുറ്റസമ്മതം പ്രോസിക്യൂഷൻ തെളിവായി കോടതിയിൽ ഹാജരാക്കി. എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് താൻ ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകന് തെളിയിക്കാനായതോടെ ഇയാളെ വിട്ടയച്ചു.

ഉറക്കം നിഷേധിക്കുന്നതായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പീഡനരീതിയെന്നും റിപ്പോർട്ട് പറയുന്നു. മണിക്കൂറുകളോളം അസ്വാഭാവികമായ ശരീരനിലയിൽ നിർത്തുകയോ ഇരുത്തുകയോ ചെയ്യുന്ന രീതികളും മറ്റ് ശാരീരിക പീഡനങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഇസ്രയേലിന്റെ പ്രതികരണം

ഐക്യരാഷ്ട്രസഭയുടെ പീഡനവിരുദ്ധ കൺവെൻഷനിൽ ഒപ്പുവച്ച രാജ്യമാണ് ഇസ്രയേൽ. എന്നാൽ രാജ്യത്തിന്റെ നിയമസംവിധാനത്തെയും തടവുകാരോടുള്ള പെരുമാറ്റത്തെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് പുതിയ റിപ്പോർട്ട് ഉയർത്തുന്നത്.

റിപ്പോർട്ടിലെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാ തടവുകാരെയും നിയമാനുസൃതമായാണ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു ഇസ്രയേൽ പ്രിസൺ സർവീസിന്റെ പ്രതികരണം. എന്നാൽ ഷിൻ ബെത്തും ഇസ്രയേൽ നീതിന്യായ മന്ത്രാലയവും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

BREAKING NEWS
നവംബറിൽ ഗാസിയാബാദിൽ അഞ്ച് പള്ളികൾ തകർത്തു, അവിടെ നമസ്കരിച്ചുകൊണ്ടിരുന്നവർക്കുനേരെ പൊലീസ് വെടിയുതിർത്തു, കൊൽക്കത്തയിൽ നമസ്കാരത്തിനിടെ അഞ്ച് മുസ്ലിംകളെ പൊലീസ് വെടിവച്ചുകൊന്നു... ഇന്ത്യയിലെ ഹിന്ദു- മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ബന്ധമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വ്യാജപ്രചാരണം, 28 വ്യാജവാർത...
28 Nov 2026
BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026