BREAKING NEWS

ഹിജാബ് ധരിക്കാതെ പാട്ടുപാടി, വീഡിയോ യൂട്യൂബിലിട്ടു; ഇറാനിൽ ഗായികയ്ക്ക് 74 ചാട്ടവാറടി

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ സംഗീത വീഡിയോ പുറത്തിറക്കിയതിന് ഇറാനിൽ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്കാണ് ശിക്ഷ നടപ്പാക്കിയത്. ഇവരുടെ സംഗീത വീഡിയോയുടെ നിർമാണത്തിൽ പങ്കാളികളായ നാലുപേർക്കും ഇതേ ശിക്ഷ ലഭിച്ചു. അധികൃതർ അശ്ലീലവും സദാചാരവിരുദ്ധവുമെന്ന് വിശേഷിപ്പിച്ച വീഡിയോ നിർമിച്ച് യൂട്യൂബിൽ പ്രസിദ്ധീകരിച്ചതിനാണ് നടപടി. ഇറാനിയൻ വാർത്താ വെബ്‌സൈറ്റായ എമ്‌തെദാദ്, അഭിഭാഷകൻ മുസ്തഫ നിലിയെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 ഡിസംബറിൽ പരസ്തൂ അഹമ്മദി യൂട്യൂബിലൂടെ പങ്കുവെച്ച സംഗീത പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ചാട്ടവാറടിക്ക് പുറമെ അഹമ്മദിക്കും സംഘത്തിലെ നാല് പേർക്കും കലാ-സംഗീത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും യാത്ര ചെയ്യുന്നതിനും രണ്ടുവർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പ്രതികൾക്കും വേണ്ടി മുസ്തഫ നിലി തന്നെയാണോ കോടതിയിൽ ഹാജരായതെന്ന കാര്യത്തിൽ വ്യക്തതയില്ല. ശിക്ഷ നടപ്പാക്കിയതിന്റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

നിർബന്ധിത ഹിജാബ് നിയമം ലംഘിച്ച് തലമറയ്ക്കാതെയായിരുന്നു വീഡിയോയിൽ അഹമ്മദിയുടെ സംഗീതാവതരണം. പുരുഷ സംഗീതജ്ഞർക്കൊപ്പമാണ് ഇവർ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇറാനിലെ ഖും നഗരത്തിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ ദെയർ-ഇ ഗച്ചിൻ കരവൻസെറായിയിലായിരുന്നു ചിത്രീകരണം. പണ്ടുകാലത്ത് യാത്രക്കാർക്ക് വിശ്രമിക്കാനായി ഉപയോഗിച്ചിരുന്ന പരമ്പരാഗത വിശ്രമകേന്ദ്രമാണിത്.

വലിയ പേർഷ്യൻ പരവതാനി വിരിച്ച, മങ്ങിയ വെളിച്ചമുള്ള വേദിയിലായിരുന്നു സംഗീതപരിപാടി. നീളമുള്ള കറുത്ത വസ്ത്രം ധരിച്ചെത്തിയ അഹമ്മദി തലമറച്ചിരുന്നില്ല. ഇറാനിലെ നിർബന്ധിത ഹിജാബ് നിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയായിരുന്നു ഈ അവതരണം. പരിപാടിയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തെ വനിതാ കലാകാരികൾ നേരിടുന്ന നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ചകൾ ഉയർന്നു.

ഇറാനിലെ നിയമങ്ങളും മതപരമായ ചട്ടങ്ങളും ലംഘിച്ചെന്നാരോപിച്ചാണ് നീതിന്യായ വിഭാഗം നടപടിയെടുത്തത്. നിയമപരവും മതപരവുമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇത് നിയമവിരുദ്ധ സംഗീത പരിപാടിയാണെന്ന് നീതിന്യായ വിഭാഗവുമായി ബന്ധപ്പെട്ട മിസാൻ വാർത്താ ഏജൻസിയും വിശേഷിപ്പിച്ചിരുന്നു. പൊതുസദാചാരത്തെ അവഹേളിക്കുക, അശ്ലീലവും അധാർമികവുമെന്ന് അധികൃതർ വിശേഷിപ്പിച്ച ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് അഹമ്മദിക്കും സംഘത്തിനുമെതിരേ ചുമത്തിയത്. ജൂണിലാണ് കോടതി 74 ചാട്ടവാറടി ശിക്ഷ വിധിച്ചത്. സെപ്റ്റംബറിൽ അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചതായി നേരത്തെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അഹമ്മദിയുൾപ്പെടെ ഒൻപത് പേർക്കാണ് കേസിൽ നേരത്തേ ശിക്ഷ വിധിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഗീതജ്ഞരും നിർമാണസംഘത്തിലെ അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഇപ്പോൾ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ച് പേരെ കൂടാതെ ബാക്കിയുള്ള നാലുപേർക്കും ചാട്ടവാറടി ശിക്ഷ ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ശിക്ഷ നടപ്പാക്കുന്നതിനെതിരേ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ നേരത്തേ രംഗത്തെത്തിയിരുന്നു. ഒക്ടോബറിൽ ഇറാൻ അധികൃതരോട് ശിക്ഷ നിർത്തിവെക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ചാട്ടവാറടി ക്രൂരവും മനുഷ്യത്വരഹിതവും അന്തസ്സിന് നിരക്കാത്തതുമായ ശിക്ഷയാണെന്നായിരുന്നു സംഘടനയുടെ നിലപാട്.

ഇറാനിൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമുടി മറയ്ക്കണമെന്ന നിർബന്ധിത നിയമം ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. 2022-ൽ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്നാണ് ഈ നിയമത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമായത്. വസ്ത്രധാരണച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദിഷ് വംശജയായ യുവതിയായിരുന്നു മഹ്‌സ അമിനി. കസ്റ്റഡിയിലിരിക്കെ ഇവർ മരിച്ചതോടെയാണ് ഇറാനിൽ വലിയ പ്രതിഷേധങ്ങൾ ആരംഭിച്ചത്. സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകണമെന്നും ഹിജാബ് ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.

ഇതിനുശേഷം ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൂടുതൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമറയ്ക്കാതെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹിജാബ് നിയമം നടപ്പാക്കുന്നതിൽ ചിലയിടങ്ങളിൽ അധികൃതരുടെ ഇടപെടൽ കുറഞ്ഞിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ പൂർണമായി അവസാനിച്ചിട്ടില്ല. പൊതുവേദികളിൽ പാടുന്നതിനും സംഗീതപരിപാടികൾ അവതരിപ്പിക്കുന്നതിനും ഇറാനിൽ സ്ത്രീകൾക്ക് നിയന്ത്രണങ്ങളുണ്ട്. പ്രത്യേകിച്ച് പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ ഒറ്റയ്ക്ക് പാടുന്നതിനും പരിപാടികൾ അവതരിപ്പിക്കുന്നതിനും വിലക്കുകളുണ്ട്. അഹമ്മദിയുടെ സംഗീതാവതരണം നിർബന്ധിത ഹിജാബ് നിയമത്തെയും വനിതാ കലാകാരികൾ നേരിടുന്ന നിയന്ത്രണങ്ങളെയും ഒരേസമയം ചോദ്യം ചെയ്യുന്നതായിരുന്നു.

ചാട്ടവാറടി ശിക്ഷയെ പീഡനമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും പാശ്ചാത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും വിമർശിച്ചിട്ടുണ്ട്. എന്നാൽ, തങ്ങൾക്കെതിരായ മനുഷ്യാവകാശ ആരോപണങ്ങൾ ഇറാൻ പതിവായി തള്ളിക്കളയുകയാണ്. സ്വന്തം രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രദ്ധിക്കേണ്ടതെന്നാണ് ഇറാന്റെ മറുപടി.

BREAKING NEWS
'അങ്ങനെയങ്ങ് വിടാൻ പറ്റുമോ?'; വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരേ അപ്പീലുമായി കാലടി സർവകലാശാല
24 Nov 2026
BREAKING NEWS
പാലക്കാട് പരുതൂർ ഹൈസ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്; തോക്ക് പൊലീസ് കസ്റ്റഡിയിൽ; വെടിവയ്ക്കാൻ ഉപയോഗിച്ചത് പഴക്കമേറിയ നാടൻ തോക്ക്
24 Nov 2026
BREAKING NEWS
"ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്; ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു, അത് ഒരിക്കലും മറക്കാൻ സാധിക്കില്ല" :ചാണ്ടി ഉമ്മൻ
24 Nov 2026
BREAKING NEWS
'പപ്പയുടെ സുരക്ഷ പിൻവലിച്ചത് കൊല്ലാൻ സാഹചര്യമൊരുക്കാൻ'; രാജീവ് ഗാന്ധിയുടെ വധത്തിൽ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
24 Nov 2026