ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് അദ്ദേഹത്തെ വധിക്കാനുള്ള സാഹചര്യമൊരുക്കാൻ മനഃപൂർവം നടത്തിയ നീക്കമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുരക്ഷ പിൻവലിച്ചത് യാദൃച്ഛികമായിരുന്നില്ലെന്നും പിതാവ് കൊല്ലപ്പെടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും രാഹുൽ ആരോപിച്ചു.
അമ്മ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകളായ ‘ബിലോഗിംഗ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ച് അമ്മയോടും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയോടും സംസാരിക്കവെയാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവിന്റെ സുരക്ഷയെക്കുറിച്ച് താൻ പലതവണ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ അദ്ദേഹവുമായി തർക്കിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
‘പപ്പയുടെ സുരക്ഷ നീക്കം ചെയ്തത് അദ്ദേഹം കൊല്ലപ്പെടുന്നതിലേക്കാണ് നയിച്ചത്. സുരക്ഷ പിൻവലിച്ചത് വെറുമൊരു അപകടമായിരുന്നില്ല. അദ്ദേഹം കൊല്ലപ്പെടണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് അത് ചെയ്തത്. അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒരുക്കുകയും ചെയ്തു’ എന്നായിരുന്നു രാഹുലിന്റെ പരാമർശം.
‘എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഞാൻ പപ്പയോടും അമ്മയോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പപ്പയുമായി തർക്കിക്കുകയും ചെയ്തിട്ടുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവായിരിക്കെ രാജീവ് ഗാന്ധി ബിഹാറിൽ നടത്തിയ സന്ദർശനത്തെക്കുറിച്ച് സോണിയ ഗാന്ധി അനുസ്മരിക്കുമ്പോഴായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ. സന്ദർശനത്തിനിടെ രാജീവ് ഗാന്ധി തുറന്ന ജീപ്പിൽ സഞ്ചരിച്ചിരുന്നുവെന്നും കല്ലേറുകളും പ്രതിഷേധങ്ങളും നേരിടേണ്ടിവന്നിരുന്നുവെന്നും സോണിയ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്കയുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. ‘അത് വളരെ ഭയാനകമായ ഒരു പര്യടനമായിരുന്നു. സുരക്ഷാ ചുമതലയുള്ളവർ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ആവശ്യമായ പരിഗണന നൽകിയില്ല’ എന്നും സോണിയ ആരോപിച്ചു.
പര്യടനത്തിനിടെ പിതാവിനൊപ്പമുണ്ടായിരുന്ന രാഹുൽ കല്ലേറുകളും പ്രതിഷേധങ്ങളും നേരിട്ടു കണ്ടിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാഹുൽ തന്നോട് പറഞ്ഞ വാക്കുകളും സോണിയ ഓർത്തെടുത്തു. ‘അമ്മേ, നമ്മൾ പപ്പയുടെ സുരക്ഷയ്ക്കായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ, അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിനായി എനിക്ക് ഉടൻതന്നെ തിരിച്ചുവരേണ്ടിവരും’ എന്നായിരുന്നു രാഹുൽ പറഞ്ഞതെന്ന് സോണിയ വെളിപ്പെടുത്തി.
ഈ വിഷയം നേരത്തെയും ഉന്നയിച്ചിരുന്നുവെന്നും എന്നാൽ ബിഹാർ പര്യടനമാണ് തന്റെ ആശങ്കകൾ വർധിപ്പിച്ച അവസാന സംഭവമെന്നും സോണിയ കൂട്ടിച്ചേർത്തു. ഇന്ദിരാ ഗാന്ധിയുടെ വധത്തിനുശേഷം രാജീവ് ഗാന്ധിയുടെ സുരക്ഷയെക്കുറിച്ച് രാഹുലിന് വലിയ ആശങ്കയുണ്ടായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും സംഭാഷണത്തിനിടെ പറഞ്ഞു.