കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീലുമായി സർവകലാശാല. ഉത്തരവ് നടപ്പാക്കിയാൽ സർവകലാശാലയുടെ പ്രവർത്തനത്തെയും അച്ചടക്ക സംവിധാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സർവകലാശാലയുടെ വാദം.
വൈസ് ചാൻസലർ സിസാ തോമസിനെതിരേ പ്രതിഷേധിച്ചതിനെ തുടർന്നാണ് 16 വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. ഇതിനെതിരേ വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സസ്പെൻഷൻ റദ്ദാക്കിയത്.
വിദ്യാർഥികളുടെ സസ്പെൻഷനും ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും കോടതി റദ്ദാക്കിയിരുന്നു. വിദ്യാർഥികളെ ക്ലാസുകളിൽ പ്രവേശിപ്പിക്കാനും 10 വിദ്യാർഥികൾക്കായി ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്താനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരുന്നു.
സിൻഡിക്കേറ്റ് നിയോഗിച്ച സമിതിയുടെ അന്വേഷണം ഏകപക്ഷീയമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എന്നാൽ, സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെയും അച്ചടക്കത്തെയും ബാധിക്കുമെന്ന നിലപാടിലാണ് അധികൃതർ അപ്പീലുമായി മുന്നോട്ടുപോകുന്നത്. സർവകലാശാല നൽകിയ അപ്പീൽ ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.