കൊച്ചി: കോൺഗ്രസിലെ പുതുതലമുറ നേതാക്കൾക്കെതിരേ ആരോപണം കടുപ്പിച്ച് മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. തനിക്കെതിരേ സൈബറിടത്തിൽ നടക്കുന്ന ആക്രമണത്തിന്റെ പേരിലാണ് പരസ്യപ്രതികരണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയത്. പ്രത്യക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചില്ലെങ്കിലും ചില നേതാക്കളെ സംബന്ധിച്ച വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് അദ്ദേഹം. ‘കേരളം മൊത്തം അറിയപ്പെടുന്ന ഒരു നേതാവിന്റെ, കോൺഗ്രസുകാർ ഏറെ ബഹുമാനിച്ച ഒരു നേതാവിന്റെ വിലാസമുണ്ട് പനമ്പള്ളി നഗറിലെ ഒരു ഫ്ലാറ്റിൽ. കോൺഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നമാണത്. 2020 ഒരു കാറിന്റെ നമ്പറാണ്. അത് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കും’ തുടങ്ങിയ അവ്യക്തമായ സൂചനകൾ മാത്രമാണ് അദ്ദേഹം നൽകിയത്. കേരളം ഞെട്ടുന്ന മറ്റ് വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നും അദ്ദേഹം പ്രതികരിച്ചു.
തനിക്കെതിരേയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിൽ ആണെന്നും ഉണ്ണിത്താൻ ആരോപിച്ചു.
ഷാഫിക്കെതിരേ വ്യക്തിപരമായ ആരോപണം ഞാൻ ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി എന്നെ ഷാഫിയുടെ അണികൾ എന്നെ അപകീർത്തിപ്പെടുത്തുകയാണ്. ചിലർ അതെല്ലാം കണ്ട് ആസ്വദിക്കുകയാണ്. 1968 മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്ന എന്നെപ്പോലെയുള്ള ഒരു മുതിർന്ന നേതാവിന്റെ യാതൊരു അടിസ്ഥാനവുമില്ലാതെ വ്യക്തിപരമായി അപകീർത്തിപ്പെടുക്കാൻ അവർക്ക് കഴിയുമെങ്കിൽ തിരിച്ച് അവരെ കുറിച്ച് കേരളം ഞെട്ടുന്ന വിവരങ്ങൾ പുറത്തുവിടാനുള്ള ഉത്തരവാദിത്വം എനിക്കുമുണ്ടല്ലോ. ഒരാൾ മാത്രം മിടുക്കനാവാൻ പാടില്ലല്ലോ. അത് ഞാൻ പിന്നാലെ വെളിപ്പെടുത്തും. ഒരേതൂവൽ പക്ഷികൾ ഒരുമിച്ച് പറക്കുകയുള്ളൂ. ഇപ്പോൾ ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
ലണ്ടനിൽ ജോലി ചെയ്യുന്ന തന്റെ മകൻ നടത്തിയ ഫേസ്ബുക്ക് പ്രതികരണത്തെക്കുറിച്ചും ഉണ്ണിത്താൻ വ്യക്തത വരുത്തി. എന്റെ മകൻ ലണ്ടനിലാണ്. അവന് രാഷ്ട്രീയത്തെക്കുറിച്ച് അറിയുമോ എന്ന് എനിക്കറിയില്ല. എനിക്കെതിരേ സൈബർ ആക്രമണം നടത്തുന്ന പലയാളുകളും പഴയ കാലത്ത് രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ള ആളുകളാണ്. അവർ ഇപ്പോഴും ചെന്നിത്തലയുടെ കൂടെയാണെന്നാണ് മകന്റെ ധാരണ. എന്നാൽ, അവരെല്ലാം ചെന്നിത്തലയെ തള്ളിപ്പറഞ്ഞ് പുതിയ ഗ്രൂപ്പിലേക്ക് പോയി. എന്നെ ആക്രമിക്കുന്നവരെല്ലാം വേറെ ഗ്രൂപ്പുകാരാണ്. ഈ ഗ്രൂപ്പിൽ ഒന്നും കിട്ടാനില്ലെന്ന് കണ്ട് പുതിയ ലാവണം തേടിപ്പോയവരാണ് അവരെന്ന് മനസ്സിലാക്കാതെയാണ് നീ പ്രതികരിച്ചത് എന്നാണ് മകനോട് പറയാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തലയെന്ന് അമൽ ഉണ്ണിത്താൻ ഫെയ്സ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു.
ഞാനൊരു ഗ്രൂപ്പിന്റെയും ഭാഗമല്ല. സംഘടനയോടൊപ്പമാണ് ഞാൻ. ഒരു ഗ്രൂപ്പിലും പ്രവർത്തിക്കാൻ താൽപര്യമില്ല. വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടുണ്ട്. അത് ഞാൻ അക്ഷരംപ്രതി അനുസരിക്കുകയാണ്. തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണനെതിരെയും, 35 വർഷമായി പാർട്ടി ജയിക്കാതിരുന്ന കാസർഗോഡ് മണ്ഡലത്തിലും തനിക്ക് സീറ്റ് നൽകിയത് പാർട്ടി നേതൃത്വത്തിന് തന്നോടുള്ള ‘പ്രത്യേക താല്പര്യം’ കൊണ്ടാണെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.