ധാക്ക: ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിനു പിന്നാലെ കർശന മുന്നറിയിപ്പുമായി ബംഗ്ലാദേശ് ഭരണകൂടം. ഹസീന രാജ്യത്ത് തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബെയ്ദ് വ്യക്തമാക്കി.
കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ പ്രകാരം ശിക്ഷിക്കപ്പെട്ട കുറ്റവാളിയായ ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറണമെന്നും അവർ ആവശ്യപ്പെട്ടു. ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാൽ നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും ചെയ്ത പ്രവൃത്തികൾക്ക് അവർ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ഷാമ ഒബെയ്ദ് പറഞ്ഞു.
2024 ഓഗസ്റ്റ് അഞ്ചിനാണ് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭത്തിനിടെ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ച് ഹസീനയുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തുകയും കോടതി അവരെ കുറ്റക്കാരിയായി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, വിധി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് ഹസീനയുടെ നിലപാട്.
ഡിസംബറിൽ മടങ്ങിയെത്തുമെന്ന് ഓഗസ്റ്റിൽ പ്രഖ്യാപിച്ച ഹസീന പുതിയ പാസ്പോർട്ടിനും തിരിച്ചറിയൽ കാർഡിനുമായി അപേക്ഷിച്ചെങ്കിലും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അപേക്ഷകൾ നിരസിച്ചു.
അതേസമയം, അവാമി ലീഗ് പ്രവർത്തകർ ഹസീനയ്ക്ക് പിന്തുണയുമായി തെരുവിലിറങ്ങിയതോടെ രാജ്യത്ത് സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ പത്തുദിവസത്തിനിടെ 28 ജില്ലകളിലായി വാഹനങ്ങൾക്കുനേരെ ബോംബേറുകളും തീവെപ്പുകളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളിൽ പോലീസുകാർക്കും സാധാരണക്കാർക്കും പരിക്കേറ്റു. രാഷ്ട്രീയമായി തകർന്ന ഹസീനയുടെ പാർട്ടിയുടെ നിലനിൽപ്പിനായുള്ള തന്ത്രമാണ് ഇത്തരം അക്രമങ്ങളെന്ന് ഷാമ ഒബെയ്ദ് ആരോപിച്ചു.
ഹസീനയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചെന്ന റിപ്പോർട്ടുകളോടും മന്ത്രി പ്രതികരിച്ചു. ഹസീനയെ തിരികെ കൊണ്ടുവരാൻ വിമാനം അയക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ബംഗ്ലാദേശിന്റെ അന്തസ്സിനും ആത്മാഭിമാനത്തിനും താൽപര്യങ്ങൾക്കും കോട്ടം തട്ടാത്ത രീതിയിലുള്ള നയതന്ത്രബന്ധമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹസീനയെ കൈമാറണമെന്ന ധാക്കയുടെ ആവശ്യം പരിഗണനയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്.