തൃശൂർ: താൻ ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻറെ മകൾ പത്മജ വേണുഗോപാൽ. വികാരപരമായ ഒരു നിമിഷത്തിൽ താൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പത്മജ കുറിച്ചു.
താൻ എടുത്ത ആ തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും തന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും പത്മജ കുറിച്ചു. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോൺഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് തൻറെ മനസിലുള്ളതെന്നും പത്മജ കുറിച്ചു. അടുത്ത മാസം അച്ഛൻറെ ചരമ വാർഷിക വേളയിൽ തൻറെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛൻറെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് തൻറെ മുന്നിലുള്ള ലക്ഷ്യമെന്നും പത്മജ കുറിച്ചു.
അതേസമയം പോസ്റ്റിനെതിരെ നിരവധി കമെന്റുകളാണ് വന്നിരിക്കുന്നത്. അറിയാത്തത് കൊണ്ട് ചോദിക്കുകയാണ് വികാര പരം ആയ നിമിഷത്തിൽ തോന്നാൻ ബിജെപി എന്താ വല്ല കാമദേവനും ആണെന്ന് തോന്നിയോ?, നിന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ചത്തു, സംഘപരിവാർ പ്രവർത്തകർ എന്നു പറയുക, ഷാഫി പറമ്പിൽ വർഗീയ വിഷമാണ് എന്നു പറഞ്ഞു ഇറങ്ങിപ്പോയ നിനക്ക് നരേന്ദ്രമോദി വർഗീയ വിഷമാണെന്ന് പറയാനുള്ള ആമ്പിയറുണ്ടോ, പൊന്നാങ്ങള KTDC ചെയർമാൻ പദവി ഒപ്പിച്ചു വെച്ചിട്ടുണ്ട് മനസിലായി… എന്നിങ്ങനെ നീളുന്നു കമെന്റുകൾ.
പത്മജാ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-
വികാരപരമായ ഒരു നിമിഷത്തിൽ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയിൽ ഞാൻ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാൻ തയ്യാറെടുത്തത്.
ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോൺഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. പല ഭാഗങ്ങളിൽ നിന്നും ഉള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയും ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം