തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി. രാജേഷിനുമെതിരായ കള്ളക്കഥയാണ് കോടതി വിധിയോടെ തകർന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇരുവരെയും കുറ്റവിമുക്തരാക്കിയ പ്രത്യേക സി.ബി.ഐ. കോടതി വിധിക്കു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലീഗും കോൺഗ്രസും ചേർന്ന് കെട്ടിച്ചമച്ച കഥയുടെ അടിസ്ഥാനത്തിലാണ് സി.പി.എം. നേതാക്കളെ കേസിൽ പ്രതിചേർത്തതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരും തുടർനിയമനടപടികളുമായി മുന്നോട്ടുപോകും. പാർട്ടി അവർക്കൊപ്പമുണ്ടാകും. അവർ പാർട്ടിയുടെ പ്രധാന കേഡർമാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജ വേണുഗോപാൽ ബി.ജെ.പി. വിട്ട സംഭവം കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും ആഭ്യന്തരപ്രശ്നമാണെന്നും ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിൽ യു.ഡി.എഫ്. ഭരണം നടത്തുന്നത് ബി.ജെ.പി.ക്ക് വേണ്ടിയാണ്. ഇരുമുന്നണികളും തമ്മിൽ നൂൽവ്യത്യാസം പോലുമില്ല. അതിനാൽ ഇരുപക്ഷത്തുനിന്നും നേതാക്കൾ പരസ്പരം കൂടുമാറുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പരിഹസിച്ചു.
കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകനും തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ്. ട്രഷററുമായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ചയാണ് എറണാകുളത്തെ സി.ബി.ഐ. പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരടക്കം 18 പ്രതികളെ വെറുതേവിട്ടു. പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ ഗൂഢാലോചനാക്കുറ്റമായിരുന്നു ചുമത്തിയിരുന്നത്. വിചാരണയ്ക്കിടെ രണ്ട് പ്രതികൾ മരിച്ചിരുന്നു.
കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ഏഴുപേർക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി പി.വി. മനോഹരൻ, പത്താം പ്രതി എം.പി. ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൽ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ലഭിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് കണ്ടെത്തിയാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.
അതേസമയം, മൂന്നുവർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ച ആറുപേർക്ക് കോടതി ജാമ്യം അനുവദിച്ചു. പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനാറാം പ്രതി സജിത്, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.