BREAKING NEWS

’14 വർഷം വേവിച്ചെടുത്ത പെരുംനുണ പൊളിഞ്ഞു; ജയരാജനെയും രാജേഷിനെയും വേട്ടയാടാനായിരുന്നു ശ്രമം’: കെ.കെ. രാഗേഷ്

· · 1 min read
Share: Copied!

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതിവിധിയോടെ കഴിഞ്ഞ 14 വർഷമായി സി.പി.എം. നേതൃത്വത്തിനെതിരേ കെട്ടിപ്പൊക്കിയ ഗൂഢാലോചനാക്കഥകൾ പൊളിഞ്ഞുവീണെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പാർട്ടി നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കേസിൽ കുടുക്കി വേട്ടയാടാനായിരുന്നു ഇത്രയുംകാലം ശ്രമിച്ചതെന്നും 14 വർഷമായി കെട്ടിച്ചമച്ച പെരുംനുണയാണ് ഇപ്പോൾ തകർന്നുവീണതെന്നും അദ്ദേഹം പ്രതികരിച്ചു.

2012-ൽ അക്രമവിവരമറിഞ്ഞ് പ്രദേശം സന്ദർശിക്കാനെത്തിയ പി. ജയരാജനെയും സംഘത്തെയും ആക്രമിച്ചിരുന്നു. ആർ.എസ്.എസ്. ആക്രമണത്തിൽ ദേഹമാസകലം വെട്ടേറ്റ ജയരാജൻ പിന്നീട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ സമയത്ത് ആശുപത്രിയിൽവെച്ച് ഷുക്കൂർ വധത്തിന് ഗൂഢാലോചന നടത്തിയെന്ന് സ്ഥാപിക്കാനായി രണ്ട് കള്ളസാക്ഷികളെ സൃഷ്ടിക്കുകയായിരുന്നുവെന്നും രാഗേഷ് ആരോപിച്ചു.

ജയരാജനെയും ടി.വി. രാജേഷിനെയും കേസിൽ കുടുക്കുന്നതിനായി ഒരുഘട്ടത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിയായ സി.ബി.ഐ.ക്ക് കൈമാറി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

ഗൂഢാലോചനാക്കേസിന് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. നാട്ടിൽ നിരവധി കമ്യൂണിസ്റ്റുകാർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ പേരുകളൊന്നും ചർച്ചയാക്കാതെ ഈ കേസിനെ മാത്രം ബോധപൂർവം വൈകാരിക വിഷയമാക്കി മാറ്റുകയായിരുന്നു. ഇതിനായി ‘പാർട്ടി കോടതി’, ‘ഗൂഢാലോചന’ തുടങ്ങിയ രണ്ട് പെരുംനുണകൾ പ്രചരിപ്പിച്ചു. അതാണ് ഇപ്പോൾ തകർന്നുവീണതെന്നും രാഗേഷ് പറഞ്ഞു.

കേസിൽ മറ്റ് ചിലർ പ്രതികളായി തുടരുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാൻ അവർക്ക് മേൽക്കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. സ്വാഭാവികമായും അപ്പീൽ നൽകുമെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026