കൊച്ചി; യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ വിധി ഉടൻ. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ് ഉൾപ്പെടെ 33 പ്രതികളാണ് കേസിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് കേസിൽ 19-ാം പ്രതിയാണ് ഈ കേസിൽ.
ആ സമയം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐയുടെ കണ്ടെത്തൽ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി .ജയരാജനും ടി.വി.രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുവെന്നാണ് കേസിലെ പ്രധാന ആരോപണം.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ വച്ച് 18 വയസുകാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നത്. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തിയ ശേഷമാണ് സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തിയത് എന്നുമാണ് കേസ്.
കേസിൽ ആകെ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്. പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹർജിയിൽ 2016 ഫെബ്രുവരിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു വർഷത്തിനു ശേഷം 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു.