കൊല്ലം: തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ചികിത്സപ്പിഴവെന്നു പരാതി. തേവലക്കര മുള്ളിക്കാല വടക്ക് അനിൽ ഭവനത്തിൽ അനിൽകുമാറിന്റെ ഭാര്യ ഉദയലക്ഷ്മിയാണ് (42) മരിച്ചത്. ചെങ്ങന്നൂർ കൊല്ലകടവ് ചെറിയനാട്ടെ സ്വകാര്യ ആശുപത്രിയിൽ 16ന് ശസ്ത്രക്രിയയ്ക്കു വിധേയയായ ശേഷം ഐസിയുവിലേക്ക് മാറ്റിയിരുന്നു.
ശ്വാസതടസ്സം മാറ്റുന്നതിനുള്ള ചികിത്സയ്ക്കിടെയാണ് മരിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ, ഐസിയുവിലേക്ക് മാറ്റിയശേഷം 17ന് ഉച്ചയ്ക്ക് ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയതിനു പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
വെൺമണി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭർത്താവ് അനിൽകുമാർ വിദേശത്താണ്.