മൂന്നാർ: വീട് തകർത്ത് അകത്തുകയറിയ കാട്ടാന പടയപ്പയുടെ മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളി ദമ്പതികൾ. മൂന്നാർ ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലെ ന്യൂ ഡിവിഷനിൽ താമസിക്കുന്ന സൂട്ടു സ്വാമി (60), ഭാര്യ ജയപാർവതി (55) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
മുൻവശത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന സൂട്ടു സ്വാമിയുടെ അടുത്തേക്കാണ് പടയപ്പ എത്തിയത്. തുമ്പിക്കൈകൊണ്ട് സൂട്ടു സ്വാമിയുടെ കൈലിയിലും പുതച്ചിരുന്ന കമ്പിളിയിലും പിടിച്ച് വലിച്ചു. പെട്ടെന്ന് ഞെട്ടിയുണർന്ന സൂട്ടു സ്വാമി തൊട്ടുമുന്നിൽ കാട്ടാനയെ കണ്ടതോടെ ഭയന്നുപോയി. കൈലി ഉപേക്ഷിച്ച് തൊട്ടടുത്തുണ്ടായിരുന്ന തയ്യൽ മെഷീന്റെ അടിയിൽ ഒളിക്കുകയായിരുന്നു.
ബഹളം കേട്ട് ഉണർന്ന ജയപാർവതി പിൻവശത്തെ വാതിലിലൂടെ പുറത്തുകടന്ന് അയൽവാസികളെ വിളിച്ചുവരുത്തി. തുടർന്ന് അയൽവാസികൾ കൂട്ടത്തോടെ ബഹളംവെച്ചതോടെയാണ് പടയപ്പയെ വീട്ടിൽനിന്ന് ഓടിച്ചത്. കാട്ടാനയുടെ തൊട്ടുമുന്നിൽനിന്ന് ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.