തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ 202 പവൻ സ്വർണം കണ്ടെടുത്തു. ഇതിൽ 146 പവൻ വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ബാക്കി 56 പവൻ വയനാട്ടിൽനിന്ന് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തിൽനിന്നും അന്വേഷണസംഘം കണ്ടെടുത്തു.
അതേസമയം, ചാലയിലെ മാളവിക ജൂവലറി ഉടമ ജയറാമിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മറ്റ് ചില സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ്. സ്വർണക്കവർച്ചയിൽ ഇയാൾക്കുള്ള പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്.
സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ജൂവലറികൾ തമ്മിലുള്ള ബിസിനസ് കുടിപ്പകയാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതാണ് മാളവിക ജൂവലറി ഉടമ ജയറാമിലേക്കും എത്തിയത്. വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ ചാലയിലെ മറ്റ് ജൂവലറി ഉടമകൾ ചേർന്ന് ക്വട്ടേഷൻ നൽകി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തിന് മുൻകൂറായി നാലുലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു.
നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിൽ അസൂയാലുക്കളായ സമീപത്തെ ജൂവലറി ഉടമയും പ്രധാന പ്രതിയുമായ മഹാരാഷ്ട്ര സ്വദേശി അമൂലും കൂട്ടുപ്രതി ദിലീപും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. നഗരത്തിലെ ഒരു ബാറിലിരുന്നായിരുന്നു ആദ്യഘട്ട ഗൂഢാലോചന. ക്രിമിനൽ കേസുകളിൽ പ്രതിയായ അനിലിനാണ് ക്വട്ടേഷൻ നൽകിയത്. വലിയ അളവിൽ സ്വർണം നഷ്ടപ്പെട്ടാൽ നന്ദകുമാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കണക്കിൽപ്പെടാത്ത സ്വർണമായതിനാൽ പോലീസിൽ പരാതി നൽകില്ലെന്നുമായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ. ക്വട്ടേഷൻ ഏറ്റെടുത്ത അനിലിന്റെ സംഘാംഗമായ അനൂപ് രാജിന് അമൂലിന്റെ ബാങ്ക് അക്കൗണ്ട് വഴി നാലുലക്ഷം രൂപ മുൻകൂറായി കൈമാറി.
നന്ദകുമാർ കടയിൽനിന്ന് പുറത്തിറങ്ങാൻ വൈകിയതോടെ കവർച്ചയ്ക്കുള്ള ആദ്യശ്രമം പരാജയപ്പെട്ടു. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സ്ഥലത്തെത്തി റിഹേഴ്സലും നടത്തിയിരുന്നു. 12-ന് രാത്രി കടയടച്ചശേഷം സ്വർണമടങ്ങിയ ബാഗുമായി വലിയശാലയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന നന്ദകുമാറിനെ സഭാവതി കോവിൽ റോഡിൽവെച്ച് ബൈക്കിലെത്തിയ അനിലും അനൂപും ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു.
കവർച്ച നടന്ന ദിവസം രാവിലെ അമൂൽ നന്ദകുമാറിന്റെ കടയിലെത്തി 15 ലക്ഷം രൂപയുടെ സ്വർണം വിറ്റ് പണം വാങ്ങിയിരുന്നു. രാത്രിയിൽ ഈ സ്വർണം ഉൾപ്പെടെ രണ്ടുകിലോഗ്രാം സ്വർണമാണ് കവർച്ചാസംഘം തട്ടിയെടുത്തത്. ഇതിനിടെ തന്റെ സ്വർണം തിരികെ നൽകണമെന്ന് അമൂൽ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന് പിന്നാലെ 48 മണിക്കൂറിനുള്ളിൽ പ്രതികളെല്ലാം പോലീസിന്റെ പിടിയിലായി.
അനിൽ, അനൂപ്, വിനോദ് എന്നിവരെ വയനാട്ടിൽനിന്നും ഗൂഢാലോചന നടത്തിയ അമൂലിനെയും ദിലീപിനെയും തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്. വയനാട്ടിൽനിന്ന് രക്ഷപ്പെട്ട മറ്റൊരു പ്രതിയായ ശ്രാവണിനെയും പിന്നീട് പോലീസ് പിടികൂടി. ജയറാം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലുള്ള ഏഴുപേരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കവർച്ചയ്ക്കുപിന്നാലെ വൈഷ്ണവി ജൂവലറി ഉടമ പോലീസിനോട് ആദ്യം പറഞ്ഞത് 1.800 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടെന്നായിരുന്നു. എന്നാൽ എഫ്.ഐ.ആറിൽ രണ്ടുകിലോഗ്രാം സ്വർണം നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി. പിന്നീട് നന്ദകുമാർ നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് വീണ്ടും തിരുത്തി. 15 പവൻ മാത്രമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പിന്നീട് നൽകിയ വിശദീകരണം. എന്നാൽ ഇതിനകം 202 പവനോളം സ്വർണം പോലീസ് കണ്ടെടുത്തിട്ടുണ്ട്.