തിരുവനന്തപുരം: ചാലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ മാളവിക ജ്വല്ലറി ഉടമ ജയറാമിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. പണം ആവശ്യപ്പെട്ട് ഷോപ്പിലെത്തിയ പരാതിക്കാരെ ജയറാം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കാതെ കബളിപ്പിച്ചതിന് 40ഓളം പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്. ഇതോടെ സാമ്പത്തിക തട്ടിപ്പിൽ കേസെടുത്ത പൊലീസ് ജയറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പരാതി ഉയരുമ്പോള്‍ പണം നല്‍കി കേസില്‍ നിന്ന് ഒഴിവാകുന്നതായിരുന്നു ജയറാമിന്റെ പതിവ്. മൂന്നുപേരില്‍ നിന്നായി 19.5 ലക്ഷം രൂപയാണ് ജയറാം തട്ടിയെടുത്തത്. പത്മ, ദിവ്യ, കൃഷ്ണകുമാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. മൂന്ന് പേരില്‍ നിന്ന് 31 പവന്‍ സ്വര്‍ണവും ജയറാം കൈക്കലാക്കി. 35 ലക്ഷം രൂപ രൂപ വാഗ്ദാനം ചെയ്‌തെങ്കിലും 15.5 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. പലതവണ ആവശ്യപ്പെട്ടിട്ടും ബാക്കി തുക നല്‍കാന്‍ ജയറാം തയ്യാറായില്ല.
സമാനമായ നിരവധി പരാതികളാണ് ജയറാമിനെതിരെ ഉയരുന്നത്. ജയറാമാണ് ചാല സ്വര്‍ണക്കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നന്ദകുമാര്‍ എന്നയാളുടെ കച്ചവടം തകര്‍ക്കാന്‍ ജയറാം 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇതില്‍ നാല് ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു.