വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. റേഡിയോ ആക്ടീവ് ഘടകങ്ങൾ ഉപയോഗിച്ചുള്ള ഡേർട്ടി ബോംബുകളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽ ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് വിവരം. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സാധാരണ സ്ഫോടകവസ്തുക്കൾക്കൊപ്പം റേഡിയോ ആക്ടീവ് ഘടകങ്ങൾ ചേർത്ത് നിർമിക്കുന്ന ബോംബുകളെയാണ് ഡേർട്ടി ബോംബ് എന്നു വിളിക്കുന്നത്. ആക്രമണത്തിന് ലക്ഷ്യമിടുന്ന വ്യക്തികൾ, ആക്രമണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ഇറാന്റെ പദ്ധതിയിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരാഴ്ചയായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ തയ്യാറാക്കിവരികയാണ്.
അതേസമയം, ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകളുണ്ടെങ്കിലും അത് ഉടൻ നടപ്പാക്കുമെന്നതിന് സ്ഥിരീകരണമില്ലെന്നാണ് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് പറഞ്ഞു.
സാധ്യതയുള്ള എല്ലാ ഭീഷണികളും നിരീക്ഷിച്ചുവരികയാണെന്നും നിലവിൽ അമേരിക്കയ്ക്കുനേരെ വിശ്വസനീയമായ ഭീഷണികളൊന്നുമില്ലെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.