കോഴിക്കോട്: ജപ്തി നടപടിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുവണ്ണൂർ എസ്ബിഐ ശാഖയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസെടുത്ത് പോലീസ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും ബാരിക്കേഡ് തകർത്ത് ബാങ്കിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതിനുമായി രണ്ട് കേസുകളാണ് ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 10 പേരടക്കം ഇരുന്നൂറോളം പേർക്കെതിരെയാണ് ഗതാഗതം തടസ്സപ്പെടുത്തിയതിന് കേസെടുത്തത്. ബാരിക്കേഡ് തകർത്ത് ബാങ്കിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ആറുപേരടക്കം ഇരുന്നൂറോളം പേർക്കെതിരെയും കേസെടുത്തു.
വീട്ടമ്മ കവിതയുടെ മരണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ 10.30 മുതൽ നാലുമണിക്കൂറോളം പേരാമ്പ്ര-കോഴിക്കോട് റോഡ് ഉപരോധിച്ചിരുന്നു. കവിതയുടെ മൃതദേഹവുമായാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. കുടുംബത്തിന്റെ കടം എഴുതിത്തള്ളണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
അതിനിടെ, കവിതയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ആർബിഐ ഓംബുഡ്സ്മാനും ബാങ്കിന്റെ നോഡൽ ഓഫീസർക്കും പരാതി ലഭിച്ചു. ആർബിഐയുടെ ചട്ടങ്ങളും മാർഗനിർദേശങ്ങളും ബാങ്ക് ലംഘിച്ചെന്നാണ് പരാതിയിലെ ആരോപണം. ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായും ബാങ്കിന്റെ മാനസിക പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നും പരാതിയിൽ പറയുന്നു.
ജപ്തി നടപടികളിൽ ആർബിഐയുടെ നയങ്ങൾ പാലിച്ചില്ലെന്നും ആരോപണമുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർക്കും ശാഖയ്ക്കുമെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കവിതയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലാണ് പരാതി നൽകിയത്.
അതേസമയം, പ്രതിഷേധത്തിൽ ജില്ലയ്ക്ക് പുറത്തുനിന്ന് ആളുകൾ പങ്കെടുത്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.