കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രൻ (54) ആണ് അറസ്റ്റിലായത്. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
ഐസിസിഎസ്എൽ എന്ന സ്ഥാപനത്തിലേക്കാണ് ഇ.ഡിയുടെ പേരിൽ വ്യാജ കത്ത് അയച്ചത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കത്തയച്ചതെന്നാണ് കേസ്. സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.