വിഴിഞ്ഞം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്ത്രീയിൽനിന്ന് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയ കേസിൽ സഹോദരങ്ങൾക്കെതിരേ വിഴിഞ്ഞം പോലീസ് കേസെടുത്തു. സംഭവത്തിൽ തൃശൂർ അരനാട്ടുകര ഒളരിക്കര പുല്ലഴിവെങ്കിടങ് ഹൗസിൽ വി.ബി. സതീഷിനെ (47) പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടപ്പുറം തുലവിള റ്റൽമഹൗസിൽ മായയുടെ 1,65,700 രൂപയാണ് പ്രതികൾ പലഘട്ടങ്ങളിലായി തട്ടിയെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഗൂഗിൾ പേ വഴി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണം കൈക്കലാക്കിയത്. പണം തിരികെ ചോദിച്ചപ്പോൾ മായയുടെ ചിത്രം മോർഫ് ചെയ്ത് ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിനും അയച്ചുനൽകുമെന്ന് സതീഷ് ഭീഷണിപ്പെടുത്തിയതായാണ് പരാതി.
പ്രതിയുടെ സഹോദരിയും വാട്സാപ്പിൽ വോയ്സ് മെസേജ് അയച്ച് മായയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് മായ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സതീഷിനെ അറസ്റ്റ് ചെയ്തത്.
എസ്.എച്ച്.ഒ. കെ. ഹേമന്ത്കുമാർ, എസ്. കൃഷ്ണകുമാർ, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. രെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.