കോവളം: ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ വിവിധ സ്പാകളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിയായ നാഗലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കസ്റ്റഡിയിൽ വാങ്ങി. ആന്ധ്രയിലെ പാലസമുദ്രം സ്വദേശിനിയായ നാഗലക്ഷ്മിയെ തെളിവെടുപ്പിനായി വെള്ളിയാഴ്ച കോവളത്തെ സ്പാകളിലെത്തിക്കും. വൈക്കോൽകുളത്തിനടുത്തുള്ള ആയുർകേരള, ഡ്രീംസ് എന്നീ സ്പാകളിലാണ് തെളിവെടുപ്പ് നടത്തുക. നാഗലക്ഷ്മിയും ഇവരുടെ രണ്ടാംഭർത്താവും തെലങ്കാന സ്വദേശിയുമായ ജെല്ലാഗോപിയും ചേർന്നാണ് കുട്ടിയെ കോവളം, ചൊവ്വാര-ചപ്പാത്ത്, തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിലെ വീടിനോടുചേർന്നുള്ള സ്പാ എന്നിവിടങ്ങളിൽ എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കോവളത്തെ സ്പാകളിൽവെച്ച് നിഷാന്തും സജിത്ത്കുമാറും കുട്ടിയെ പീഡിപ്പിച്ചിരുന്നതായി എസ്.ഐ.ടി.ക്ക് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് ഇരുവർക്കുമെതിരേ മനുഷ്യക്കടത്ത്, കുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നു തുടങ്ങിയ കുറ്റങ്ങൾക്കുപുറമേ പോക്സോ വകുപ്പുകളും ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും അസിസ്റ്റന്റ് കമ്മിഷണറുമായ എസ്. ചന്ദ്രകുമാർ പറഞ്ഞു. ഇവരുടെ സ്പാകളിൽവെച്ച് കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയിലുള്ള തമിഴ്നാട് സ്വദേശിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിൽ വീടിനോടുചേർന്നുള്ള സ്പായിൽവെച്ചും കുട്ടി പീഡനത്തിനിരയായ സംഭവത്തിൽ നാഗലക്ഷ്മിയെ കസ്റ്റഡിയിൽ വാങ്ങാൻ വണ്ടല്ലൂർ പോലീസ് തിങ്കളാഴ്ച എത്തും.
നാഗലക്ഷ്മിയുടെ പരിചയക്കാരിയായ അർഷിത എന്ന യുവതിയുമായുള്ള ബന്ധത്തെത്തുടർന്നാണ് നാഗലക്ഷ്മിയും രണ്ടാംഭർത്താവ് ജെല്ലാഗോപിയും ചേർന്ന് കുട്ടിയെ ഗുഡുവാഞ്ചേരിയിലെ സ്പായിലെത്തിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ.ടി.യുടെ കസ്റ്റഡിയിലായിരുന്ന ജെല്ലാഗോപിയെ ഗുഡുവാഞ്ചേരിയിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നതായി വണ്ടല്ലൂർ എസ്.എച്ച്.ഒ. ടി.പി. ഗൗതമി പറഞ്ഞു. ചെങ്കൽപ്പേട്ട് പോക്സോ കോടതിയുടെ അനുമതിയോടെ സ്പാ ഉടമയെ അറസ്റ്റ് ചെയ്യുമെന്നും അവർ വ്യക്തമാക്കി.