തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ഇക്കാര്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും അറിയിക്കും.
രണ്ടു തവണ നോട്ടീസ് നൽകിയിട്ടും എം.ആർ. ബൈജു ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്നശേഷം തീരുമാനമെടുക്കാമെന്നാണ് നോട്ടീസിന് ബൈജു മറുപടി നൽകിയത്.
എന്നാൽ, അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇതിന്റെ ഭാഗമായി പി.എസ്.സി ചെയർമാന്റെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ബൈജുവിന്റെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിലെ തടസ്സങ്ങളും സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.