കൊച്ചി: എറണാകുളത്ത് പോലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതിയുടെ ആക്രമണം. നോർത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ മുഹമ്മദ് ഇഖ്ബാലാണ് പോലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ സി.പി.ഒ അജിത് പോളിന് പരിക്കേറ്റു. സ്റ്റേഷനിൽവെച്ച് പ്രതി പോലീസിനെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
പട്രോളിങ്ങിനിടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പ്രതി അക്രമാസക്തനാകുകയായിരുന്നു. പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പോലീസുകാരന്റെ കൈത്തണ്ടയിൽ കടിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് മറ്റ് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി.