BREAKING NEWS

‘ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?’ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെളിപ്പെടുത്തലുകളുമായി സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ്

· · 1 min read
Share: Copied!

ന്യൂഡൽഹി: 2004ൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം ഏറ്റെടുക്കാനുള്ള പാർട്ടിയുടെ നിർദേശം നിരസിച്ച് ഡോ. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി നിർദേശിച്ചതിന്റെ കാരണങ്ങൾ വെളിപ്പെടുത്തി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ചൊവ്വാഴ്ച പുറത്തിറങ്ങിയ സോണിയ ഗാന്ധിയുടെ ഏറെക്കാലമായി കാത്തിരുന്ന ഓർമക്കുറിപ്പായ ‘Belonging: A Journey of Love’ വിലാണ് ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നത്. പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിൽനിന്ന് താൻ പിന്മാറിയതും പകരം മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തതുമായ സാഹചര്യങ്ങളാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്.

ഭരണനിർവഹണത്തിൽ ആഴത്തിലുള്ള അറിവും ചോദ്യം ചെയ്യപ്പെടാത്ത സത്യസന്ധതയുമുള്ള വ്യക്തിയായാണ് മൻമോഹൻ സിങ്ങിനെ താൻ കണ്ടിരുന്നതെന്ന് സോണിയ ഗാന്ധി പുസ്തകത്തിൽ പറയുന്നു. 2004ൽ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയയുടെ നേതൃത്വത്തിൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൻമോഹൻ സിങ്ങിനെ നിർദേശിച്ചത്. 2024ൽ 92-ാം വയസിലായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അന്ത്യം.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മുതിർന്ന നേതാക്കളും പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ നിരവധി പേർ കോൺഗ്രസിലുണ്ടായിരുന്നു. എന്നാൽ, എല്ലാവരിലും ഉപരിയായി വിശ്വാസ്യതയും ഭരണപരമായ കാര്യങ്ങളിൽ ആഴത്തിലുള്ള അറിവുമുള്ള ഒരാളെയാണ് താൻ കണ്ടിരുന്നതെന്ന് സോണിയ പറയുന്നു. അത് കോൺഗ്രസ് പ്രവർത്തക സമിതി അംഗമായിരുന്ന ഡോ. മൻമോഹൻ സിങ്ങായിരുന്നുവെന്നും അവർ വ്യക്തമാക്കി.

1990കളുടെ തുടക്കത്തിൽ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കെ ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത് മൻമോഹൻ സിങ്ങായിരുന്നു. അനുഭവസമ്പത്തുള്ള സാമ്പത്തിക വിദഗ്ധനെന്ന നിലയിലും ഭരണരംഗത്തെ മികവിലും അദ്ദേഹത്തിന് പ്രത്യേക സ്ഥാനമുണ്ടായിരുന്നുവെന്ന് സോണിയ ചൂണ്ടിക്കാട്ടുന്നു.

പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെയും ഭാഗമായിരുന്നില്ല മൻമോഹൻ സിങ്. കോൺഗ്രസ് ഇടതുപക്ഷ ചായ്‌വുള്ള പാർട്ടിയാണെന്ന തരത്തിൽ കാലക്രമേണ പ്രചാരണമുണ്ടായിരുന്ന സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പിന്തുണയോടെയായിരുന്നു യുപിഎ സർക്കാർ
മുന്നോട്ടുപോകേണ്ടിയിരുന്നത്. ഈ സാഹചര്യത്തിൽ മുൻകാലങ്ങളിൽ ആരംഭിച്ച സാമ്പത്തിക നയങ്ങൾ തുടരാനും രാജ്യത്തെ കാര്യക്ഷമമായി ഭരിക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയുമോ എന്നതിൽ ചിലർക്കുണ്ടായിരുന്ന ആശങ്കകൾ പരിഹരിക്കാൻ മൻമോഹൻ സിങ്ങിന് സാധിക്കുമെന്ന് താൻ കരുതിയതായും സോണിയ പറയുന്നു.

പാക്കിസ്ഥാന്റെ ഭാഗമായിത്തീർന്ന പഞ്ചാബിലെ ഒരു ഗ്രാമത്തിൽ സിഖ് കുടുംബത്തിലായിരുന്നു മൻമോഹൻ സിങ്ങിന്റെ ജനനം. ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹം ജീവിതത്തിലെ കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിട്ടാണ് വളർന്നത്. ഗ്രാമത്തിലെ ഒരു സാധാരണ സ്കൂളിൽനിന്ന് ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സർവകലാശാലകളിലേക്കും പിന്നീട് അന്താരാഷ്ട്ര വേദികളിലേക്കും എത്തിയത് അദ്ദേഹത്തിന്റെ ബുദ്ധിശക്തിയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായിരുന്നുവെന്ന് സോണിയ ഓർമിക്കുന്നു.

പണ്ഡിതൻ, സാമ്പത്തിക വിദഗ്ധൻ, സാങ്കേതിക വിദഗ്ധൻ എന്നീ നിലകളിലുള്ള നേട്ടങ്ങൾക്കപ്പുറം മൻമോഹൻ സിങ്ങിന്റെ ദയയും അനുകമ്പയും നിറഞ്ഞ മനസ്സിനെയും സത്യസന്ധതയെയുമാണ് താൻ ഏറെ വിലമതിച്ചിരുന്നതെന്നും അവർ പറഞ്ഞു. രാജ്യത്തെ അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും സോണിയ കൂട്ടിച്ചേർത്തു.

മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് മൻമോഹൻ സിങ്ങിന്റെ പേര് മുന്നോട്ടുവെച്ചത്. തുടക്കത്തിൽ തന്റെ തീരുമാനത്തോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടായിരുന്ന നേതാക്കൾ പിന്നീട് അതിനോട് യോജിച്ചുവെന്നും സോണിയ പറയുന്നു. മൻമോഹൻ സിങ്ങിന്റെ പേര് നിർദേശിച്ചപ്പോൾ ആരും എതിർത്തില്ല. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും സത്യസന്ധനായ നേതാവെന്ന പേരും ചോദ്യം ചെയ്യാൻ ആർക്കും കഴിയുമായിരുന്നില്ലെന്നും അവർ ഓർമക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ എന്ന് സോണിയ ഗാന്ധി സ്വകാര്യമായി മൻമോഹൻ സിങ്ങിനോട് അന്വേഷിച്ചിരുന്നു. ആദ്യം അദ്ദേഹം വിസമ്മതിച്ചെങ്കിലും പിന്നീട് മടിമാറി സമ്മതിക്കുകയായിരുന്നു. തുടർന്ന് മൻമോഹൻ സിങ്ങിനെയും കൂട്ടി സോണിയ രാഷ്ട്രപതി ഭവനിലേക്ക് പോയി. 2004 മേയ് 18ന് നടന്ന ആ യാത്രയുടെ ഓർമകളും പുസ്തകത്തിൽ സോണിയ വിവരിക്കുന്നുണ്ട്. കടുത്ത ചൂടിൽ രാഷ്ട്രപതി ഭവന്റെ കൂറ്റൻ മതിലുകളും കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള ഈസ്റ്റേൺ കോർട്ടിലെ മണൽക്കല്ലിൽ നിർമിച്ച ജലധാരയ്ക്ക് സമീപം പ്രാവുകൾ പറന്നുനടന്നതും അവർ ഓർമിക്കുന്നു.

മുൻപ് അമ്മായിയമ്മ ഇന്ദിര ഗാന്ധിക്കും ഭർത്താവ് രാജീവ് ഗാന്ധിക്കുമൊപ്പം പലതവണ രാഷ്ട്രപതി ഭവനിലെത്തിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ വരവിന് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നുവെന്ന് സോണിയ പറയുന്നു. കാറുകൾ പ്രവേശന കവാടത്തിലെത്തിയപ്പോൾ മനസിൽ വികാരങ്ങളുടെ വേലിയേറ്റമുണ്ടായി. നീണ്ട ഇരുണ്ട ഇടനാഴികളിലൂടെ താൻ നടന്നത് തികച്ചും വ്യത്യസ്തമായ ഒരു ആവശ്യത്തിനായിരുന്നുവെന്നും അവർ കുറിച്ചു.

രാഷ്ട്രപതി ഭവനിൽനിന്ന് 10 ജൻപഥിലെ വീട്ടിലേക്ക് മടങ്ങിയശേഷം മൻമോഹൻ സിങ്ങിനെ കാറിലേക്ക് യാത്രയാക്കിയതായും സോണിയ പറയുന്നു. പ്രധാനമന്ത്രി പദത്തെക്കുറിച്ച് യാത്രയ്ക്കിടയിലോ അതിനുമുമ്പോ ഇരുവരും തമ്മിൽ ചർച്ചയുണ്ടായിരുന്നില്ല. മറ്റെല്ലാവരെയും പോലെ മൻമോഹൻ സിങ്ങും പ്രധാനമന്ത്രിയാകുന്നത് താനായിരിക്കുമെന്നാണ് സ്വാഭാവികമായും കരുതിയിരുന്നതെന്നും സോണിയ ഓർമക്കുറിപ്പിൽ പറയുന്നു.

BREAKING NEWS
മദ്യലഹരിയിൽ അഴിഞ്ഞാടി; പിടികൂടിയ പോലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതി; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം
10 Nov 2026
BREAKING NEWS
' ഗോമൂത്ര ചായ' കുടിക്കുന്നവർ, വൃത്തിയില്ലാത്ത കിടപ്പാടങ്ങൾ...' കൈയ്യിൽ രണ്ട് സ്മാർട്ട്‌ഫോണുകളുകളുമായി 150-ലേറെ ചൈനീസ് വ്‌ളോഗർമാർ; ധാക്കയിലെ ചേരിപ്രദേശങ്ങൾ ചിത്രീകരിച്ച് ഡൽഹിയെന്ന് പറഞ്ഞ് ലൈവ് സ്ട്രീമിങ്ങ്; വീടുകളിൽ അനുവാദമില്ലാതെ കയറി ചിത്രീകരണം, വീഡിയോ
10 Nov 2026
BREAKING NEWS
നാടകം കളിച്ചതിനാണ് ഞങ്ങൾക്കെതിരെ കേസ്, ഒരേ വിഷയത്തിൽ തന്നെ രണ്ടു കേസുകൾ എടുത്തത് വിചിത്ര നടപടി, പരിക്ഷ എഴുതേണ്ട എല്ലാവർക്കും സസ്പെൻഷന് മുൻപ് 60% വരെ ഹാജരുണ്ട്, ബാക്കി 15% മാപ്പപേക്ഷ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു, കോളേജിൽ കയറാൻ അനുവദിച്ചിരുന്നില്ല- റിട്ട് ഹർജിയിൽ വിദ്യാർഥികൾ, ഹാജർ നില കോടതി പരിശോ...
10 Nov 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോ​ഗിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്നു; കുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ
10 Nov 2026