പട്ന: അനധികൃത ആയുധ, ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പിടികൂടാനെത്തിയ ബിഹാർ പോലീസ് കോൺസ്റ്റബിളിനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതായി ആരോപണം. ജെഹാനാബാദിൽ ഡർധ നദിയിൽ നിന്നാണ് ധനേശ്വർ കുമാർ എന്ന പോലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ധനേശ്വറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
നവംബർ അഞ്ചിന് രാത്രി 7.45ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ജെഹാനാബാദിലെ എസ്എസ് കോളജിന് സമീപം അനധികൃത ആയുധങ്ങളും ലഹരിമരുന്നുകളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് വിവരം ലഭിച്ചതായി ധനേശ്വർ സഹപ്രവർത്തകരെ ഫോണിൽ വിളിച്ച് അറിയിച്ചു. സംസ്ഥാന പോലീസിന്റെ ബൈക്ക് പട്രോളിങ് വിഭാഗമായ ടൈഗർ മൊബൈൽ യൂണിറ്റിലാണ് ധനേശ്വർ ജോലി ചെയ്തിരുന്നത്.
വിവരം പരിശോധിക്കാനും തുടർനടപടി സ്വീകരിക്കാനുമായി രണ്ട് സഹപ്രവർത്തകർ സ്ഥലത്തെത്തി. ഇവർക്കൊപ്പം ധനേശ്വറും കോളജിന് സമീപത്തേക്ക് നീങ്ങി. എന്നാൽ അവിടെവെച്ച് 10 മുതൽ 15 വരെ ആളുകളടങ്ങുന്ന സംഘവുമായി പോലീസുകാർ ഏറ്റുമുട്ടി. സംഘം പോലീസുകാരെ ആക്രമിച്ചതായും ഇതിനിടെ ധനേശ്വറിനെ കാണാതായതായും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ധനേശ്വറിനെ കാണാതായ വിവരം നവംബർ ആറിനാണ് പോലീസ് വകുപ്പിന് ലഭിച്ചതെന്ന് ജെഹാനാബാദ് പോലീസ് സൂപ്രണ്ട് കോട്ട കിരൺ കുമാർ പറഞ്ഞു. തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംശയിക്കുന്നവരെ ചോദ്യം ചെയ്തതിൽ നിന്ന് ചില പ്രദേശവാസികൾ ധനേശ്വറിനെ വളഞ്ഞിട്ട് മർദിച്ച ശേഷം ഡർധ നദിയിലേക്ക് തള്ളിയിട്ടതായി വിവരം ലഭിച്ചെന്നും എസ്പി വ്യക്തമാക്കി.
തുടർന്ന് നദിയിൽ തിരച്ചിൽ നടത്തിയ പോലീസ് ശനിയാഴ്ച രാവിലെ നദിക്കരയിലെ ഒരു കടവിന് സമീപം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ധനേശ്വറിന്റെ മൊബൈൽ ഫോൺ വസ്ത്രത്തിന്റെ പോക്കറ്റിലുണ്ടായിരുന്നു. സഹപ്രവർത്തകർ അവസാനമായി കാണുമ്പോൾ ധരിച്ചിരുന്ന തോക്ക് ഹോൾഡറിൽ സർവീസ് റിവോൾവറും സുരക്ഷിതമായി ഉണ്ടായിരുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ നൽകിയ വിവരമനുസരിച്ച്, എസ്എസ് കോളജിന് സമീപം എത്തിയ ധനേശ്വറും സഹപ്രവർത്തകരും ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാളെ പിന്തുടർന്ന് പിടികൂടിയപ്പോൾ വികാസ് കുമാർ എന്നാണ് പേര് പറഞ്ഞത്. ആയുധ, ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ സമീപത്തെ കുറ്റിക്കാട്ടിൽ ആയുധങ്ങളും മറ്റ് നിരോധിത വസ്തുക്കളും ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞതായാണ് വിവരം.
ഇതനുസരിച്ച് ധനേശ്വർ കുറ്റിക്കാട്ടിലേക്ക് നീങ്ങിയപ്പോൾ പിടിയിലായിരുന്നയാൾ പെട്ടെന്ന് ‘കള്ളൻ, കള്ളൻ’ എന്ന് വിളിച്ചുപറയാൻ തുടങ്ങി. പിന്നാലെ 10 മുതൽ 15 വരെ ആളുകൾ സ്ഥലത്തെത്തി പോലീസുകാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് സംഘം വികാസിനെ മോചിപ്പിക്കുകയും വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പോലീസുകാരെ മർദിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമികളുടെ എണ്ണം കൂടുതലായതിനാൽ മറ്റ് രണ്ട് കോൺസ്റ്റബിൾമാർക്ക് പിൻവാങ്ങേണ്ടിവന്നു. ഇവർ ബൈക്കിലെത്തി വാഹനം സ്റ്റാർട്ട് ചെയ്ത് കുറച്ചുദൂരം മുന്നോട്ടുപോയി. ധനേശ്വറും പിന്നാലെ എത്തുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ ഏറെനേരം കാത്തിരുന്നിട്ടും ധനേശ്വർ എത്തിയില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
എന്നാൽ ധനേശ്വറിനെ കാണാതായ വിവരം സഹപ്രവർത്തകർ അന്നുതന്നെ മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. പിറ്റേന്ന് വൈകുന്നേരമാണ് ഇരുവരും ജെഹാനാബാദ് ടൗൺ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. നവംബർ ആറിന് വികാസ് ഉൾപ്പെടെ 10 മുതൽ 15 വരെ തിരിച്ചറിയാത്ത ആളുകൾക്കെതിരെ ഇവർ രേഖാമൂലം പരാതി നൽകി.
കലാപം, അന്യായമായി തടഞ്ഞുവെക്കൽ, മനഃപൂർവം പരിക്കേൽപ്പിക്കൽ, വധശ്രമം, പൊതുപ്രവർത്തകനെ ആക്രമിക്കൽ, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വികാസ് കുമാറിനെ കൂടാതെ വികാസ്, പ്രഹ്ലാദ്, ഗൗരവ് എന്നിവരെയും കേസിൽ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അറസ്റ്റിലായവർക്കെല്ലാം 23നും 28നും ഇടയിലാണ് പ്രായം. സംഭവത്തിൽ എത്രപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ആക്രമണം എങ്ങനെയാണ് നടന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് എസ്പി പറഞ്ഞു. തെളിവുകൾ പുറത്തുവരുന്നതിനനുസരിച്ച് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.