ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ മുകളിലേക്കെറിച്ച പടക്കം തിരിച്ച് ദേഹത്തു വീണ് പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം. ഡൽഹിയിലെ നറേലയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്ത റിഷിയെന്ന കുട്ടിയാണ് മരിച്ചത്. പടക്കത്തിന് തീ കൊളുത്തിയ കുട്ടി മുകളിലേക്ക് എറിഞ്ഞതും അത് നെഞ്ചിലേക്ക് തന്നെ പതിക്കുകയായിരുന്നു.
സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ സത്യവതി രാജ ഹരിശ്ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ‘എമർജൻസി കേസായിട്ട് പോലും ഡോക്ടർമാർ മെല്ലെയാണ് എത്തിയത്. പരിശോധിക്കാനെത്തിയ ഡോക്ടർ കുട്ടിയുടെ നെഞ്ചിൽ അമർത്തിയ ശേഷം സ്ഥലം വിട്ടു’- റിഷിയുടെ മൂത്തസഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർമാർ യഥാസമയം പരിശോധിച്ചിരുന്നുവെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം പറയുന്നു. ‘അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു. ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പക്ഷേ കാര്യമുണ്ടായില്ല’- കുട്ടിയുടെ അമ്മ പ്രതികരിച്ചു.
അതേസമയം ദീപാവലി ദിവസം 257 എമർജൻസി കോളുകളാണ് എത്തിയതെന്ന് ഡൽഹിയിലെ അഗ്നിരക്ഷാ സേന പറയുന്നു. ഇതിൽ 214 ഉം പടക്കം പൊട്ടിയും അല്ലാതെയുമുള്ള തീ പിടിത്തത്തിൻറേതായിരുന്നു. 24 പേരാണ് പടക്കം പൊട്ടിയുള്ള പൊള്ളലിനെ തുടർന്ന് സഹായം തേടിയതെന്നും റിപ്പോർട്ട് പറയുന്നു. രാത്രി എട്ടു മുതൽ പത്തുവരെ മാത്രം 85 ഫോൺ കോൾ എത്തിയെന്നും 61 ഫോൺ കോൾ രാത്രി പത്തിനും അർധരാത്രിക്കുമിടയിലാണ് ഉണ്ടായതെന്നും റിപ്പോർട്ടിലുണ്ട്. നഗരത്തിൽ വിവിധയിടങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പോയ അഞ്ച് അഗ്നിരക്ഷാ സേന പ്രവർത്തകർക്ക് പരുക്കേറ്റു.