ചെന്നൈ: തമിഴ്നാട്ടിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികളും വനിതാ വാർഡനും മുങ്ങിമരിച്ചു. തിരുവണ്ണാമലൈക്ക് സമീപമുള്ള സമുത്തിരം തടാകത്തിലാണ് തിങ്കളാഴ്ച ദാരുണമായ അപകടമുണ്ടായത്. പെൺകുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ താമസിച്ച് പഠിക്കുന്ന നാല് വിദ്യാർഥിനികളും കേന്ദ്രത്തിലെ വാർഡനുമാണ് മരിച്ചത്.
വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ വിദ്യാർഥിനികളും വനിതാ വാർഡൻ തേന്മൊഴിയുമാണ് മരിച്ചത്. ദീപാവലി അവധിയായതിനാൽ വിദ്യാർഥിനികൾക്ക് അവധി നൽകിയിരുന്ന സമയത്തായിരുന്നു അപകടം.
നാല് വിദ്യാർഥിനികളും വാർഡൻ തേന്മൊഴിക്കൊപ്പം കുളിക്കാനായി സമുത്തിരം തടാകത്തിലെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ വിദ്യാർഥിനികൾ അബദ്ധത്തിൽ തടാകത്തിൽ മുങ്ങുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാർഡനും അപകടത്തിൽപ്പെട്ടത്.
വിവരമറിഞ്ഞ് എത്തിയ അധികൃതരും രക്ഷാപ്രവർത്തകരും നടത്തിയ തിരച്ചിലിൽ അഞ്ചുപേരുടെയും മൃതദേഹങ്ങൾ തടാകത്തിൽനിന്ന് കണ്ടെടുത്തു.