ബാലുശ്ശേരി: പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയതിനെ തുടർന്ന് വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ക്രിമിനൽ കേസിൽ യുവാവിനെ താഴെയിറക്കി. ഉണ്ണികുളം പഞ്ചായത്ത് എകരുരിൽ പൊയിൽപുറായിൽ റഫ്‌നാദ് (31) ആണ് ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ഇയാളുടെ ഇരുനില വീടിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
തന്നെ പിടികൂടാൻ ആരും മുകളിലേക്ക് വരാതിരിക്കാനായി കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങി മാരകായുധങ്ങൾ ഉപയോഗിച്ച് നാല് മണിക്കൂറോളമാണ് ഇയാൾ പോലീസിനേയും അഗ്നിരക്ഷാ സേനയേയും ചുറ്റിച്ചു. തുടർന്ന് ഏറെനേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ കീഴ്‌പ്പെടുത്തി താഴെയിറക്കിയത്.
നിരവധി കേസുകളിൽ പ്രതിയായ റഫ്‌നാദിനെ പിടിക്കുന്നതിനായി വയനാട് നിന്നാണ് പോലീസ് സംഘം എത്തിയത്. തൊട്ടുപിന്നാലെ ഇയാൾ വീടിന് മുകളിലും, വീടിനോട് ചേർന്നുള്ള മുരിങ്ങ മരത്തിലും കയറുകയായിരുന്നു. ഇതോടെ വയനാടുനിന്നെത്തിയ സംഘം ബാലുശ്ശേരി പോലീസിനെ വിവരമറിയിച്ചു.
ബാലുശ്ശേരി പോലീസ് അറിയിച്ചതിനെ തുടർന്ന് നരിക്കുനിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന കെട്ടിടത്തിന്റെ രണ്ടുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് അതിസാഹസികമായി കെട്ടിടത്തിൽ കയറിയാണ് ഇയാളെ താഴെയെത്തിച്ചത്. ഇതിനിടെയെല്ലാം റഫ്‌നാദ് കല്ലും പൈപ്പും മുളക് പൊടിയും ഉപയോഗിച്ച് പോലീസിനുനേരെ ആക്രമണം നടത്തിയിരുന്നു.
സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ആർ. ബാലുമഹേന്ദ്ര, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ എ.കെ. ബിബുൽ, യു.കെ. അബ്ദുൽ റഹ്‌മാൻ, എ. സന്ദീപ്, കെ. അഭിഷേക്, എം.വി. അരുൺ, ഹോം ഗാർഡുമാരായ എൻ. ഷനോജ് കുമാർ, വി.പി. അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.