BREAKING NEWS

അറബ് പാർട്ടികളെ കണ്ണിൽകണ്ടുകൂടാ…ദേശീയ ഐക്യസർക്കാർ രൂപീകരിക്കണം…. അധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ നെതന്യാഹു!! ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് പ്രസിഡന്റിന്റെ ആദ്യം ക്ഷണം!! അനുവദിച്ചിരിക്കുന്നത് 28 ദിവസത്തെ സമയം… ഐസൻകോട്ടിനു മുന്നിലുള്ള ലക്ഷ്യവും ചെറുതല്ല

· · 1 min read
Share: Copied!

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അധികാരം നിലനിർത്താനുള്ള നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. രാജ്യത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ മുൻ സൈനിക മേധാവിയും യാഷർ പാർട്ടി നേതാവുമായ ഗാദി ഐസൻകോട്ടിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ചുമതലപ്പെടുത്തി. ഒക്ടോബർ 27ന് നടന്ന തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തിലാണ് നിർണായക നീക്കം. 120 അംഗ പാർലമെന്റിൽ 67 എംപിമാരുടെ പിന്തുണ ഐസൻകോട്ടിന് ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചത്. ഇതോടെ ഇസ്രയേലിന്റെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന് അധികാരം നഷ്ടപ്പെടാനുള്ള സാധ്യതയും ശക്തമായി.

സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമായാൽ പ്രസിഡന്റ് ഹെർസോഗിന് 14 ദിവസം കൂടി അധികമായി അനുവദിക്കാം. ഈ സമയത്തിനുള്ളിൽ വിവിധ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി ഭൂരിപക്ഷ സർക്കാർ രൂപീകരിക്കുകയാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

120 അംഗങ്ങളുള്ള നെസറ്റിലെ വിവിധ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഹെർസോഗ് തീരുമാനമെടുത്തത്. ഞായറാഴ്ച (നവംബർ 8) വൈകിട്ട് അഞ്ചിന് ജറുസലേമിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചടങ്ങിൽ ഐസൻകോട്ടിന് ഔദ്യോഗികമായി സർക്കാർ രൂപീകരണ ചുമതല കൈമാറും. തീരുമാനമെടുക്കുന്നതിന് മുമ്പ് ഹെർസോഗ് നെതന്യാഹുവുമായും ഐസൻകോട്ടും സംസാരിച്ചിരുന്നു. ഐസൻകോട്ടിനാണ് ചുമതല നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ഇരുവരെയും അദ്ദേഹം അറിയിക്കുകയും ചെയ്തു.

അതേസമയം തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന രാഷ്ട്രീയ കൂടിയാലോചനകളിൽ ഐസൻകോട്ടിന് 67 എംപിമാരുടെ പിന്തുണ ലഭിച്ചപ്പോൾ നെതന്യാഹുവിനെ പിന്തുണച്ചത് 46 പേരാണ്. ഏഴ് എംപിമാർ ആരെയും പിന്തുണയ്ക്കാൻ തയ്യാറായില്ല. ഐസൻകോട്ടിന് ലഭിച്ച 67 പിന്തുണകളിൽ 48 എണ്ണം മാറ്റത്തിനായുള്ള പ്രതിപക്ഷ ചേരിയിൽ നിന്നാണ്. അറബ് പാർട്ടിയായ റാമിൽ നിന്ന് ഏഴും ജോയിന്റ് ലിസ്റ്റിൽ നിന്ന് 12ഉം എംപിമാർ അദ്ദേഹത്തെ പിന്തുണച്ചു. നെതന്യാഹുവിനെ വലതുപക്ഷ- മതാധിഷ്ഠിത പാർട്ടികളാണ് പിന്തുണച്ചത്. എന്നാൽ യുണൈറ്റഡ് തോറ ജൂഡായിസത്തിലെ (യുടിജെ) ഏഴ് അംഗങ്ങൾ ആരെയും പിന്തുണയ്ക്കാതെ വിട്ടുനിന്നു.

നെതന്യാഹുവിന് ഇപ്പോഴും ഇസ്രയേൽ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടെങ്കിലും അദ്ദേഹത്തിന് പകരക്കാരനായി ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ കൂടുതൽ എംപിമാർ തയ്യാറായെന്നതാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ സർക്കാർ രൂപീകരണത്തിനുള്ള ശുപാർശകൾ ലഭിച്ചതുകൊണ്ടുമാത്രം ഭൂരിപക്ഷം ഉറപ്പാക്കാനാകില്ല. വിവിധ പാർട്ടികളെ ഒരുമിപ്പിച്ച് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുകയെന്നതാണ് ഇനി ഐസൻകോട്ടിന് മുന്നിലുള്ള പ്രധാന കടമ്പ.

മുൻ ഇസ്രയേൽ പ്രതിരോധ സേനാ മേധാവിയായ ഐസൻകോട്ട് 2022ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഈ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായി മാറിയ അദ്ദേഹം മധ്യ- ഇടതുപക്ഷം മുതൽ വലതുപക്ഷം വരെയുള്ള വിവിധ പാർട്ടികളെ ഉൾക്കൊള്ളിച്ചാണ് പ്രചാരണം നടത്തിയത്. നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് മാറ്റുകയെന്ന പൊതുവായ ലക്ഷ്യമാണ് ഈ പാർട്ടികളെ ഒരുമിപ്പിച്ചത്.

ഐസൻകോട്ടിന്റെ യാഷർ പാർട്ടി തിരഞ്ഞെടുപ്പിൽ 21 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിശാലമായ മാറ്റത്തിനായുള്ള മുന്നണിക്ക് 48 സീറ്റുകളാണ് ലഭിച്ചത്. അറബ് നേതൃത്വത്തിലുള്ള രണ്ട് രാഷ്ട്രീയ കൂട്ടായ്മകൾക്ക് കൂടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടമായ 19 സീറ്റുകൾ ലഭിച്ചിരുന്നു. ഇവർ ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചതാണ് സർക്കാർ രൂപീകരണ ചർച്ചകളിൽ നിർണായകമായത്.

എന്നാൽ അറബ് പാർട്ടികളുടെ പിന്തുണ എത്രത്തോളം പ്രയോജനപ്പെടുത്താനാകുമെന്നത് വലിയ ചോദ്യമാണ്. നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് മാറ്റാൻ മറ്റൊരു നേതാവിനെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നാണ് അറബ് പാർട്ടികളുടെ നിലപാട്. എന്നാൽ സർക്കാർ മുന്നണിയിൽ നേരിട്ട് പങ്കാളികളാകാൻ അവർ താൽപര്യപ്പെടുന്നില്ല. ഐസൻകോട്ടിന്റെ സ്വന്തം മുന്നണിയിലുള്ള ചില പാർട്ടികൾക്കും സർക്കാർ രൂപീകരണത്തിന് അറബ് എംപിമാരുടെ പിന്തുണയെ ആശ്രയിക്കുന്നതിനോട് വിയോജിപ്പുണ്ട്.

അൾട്രാ ഓർത്തഡോക്സ് പാർട്ടികളുടെ നിലപാടും നിർണായകമാകും. യുണൈറ്റഡ് തോറ ജൂഡായിസം നെതന്യാഹുവിനെ പിന്തുണയ്ക്കാതിരുന്നത് ഐസൻകോട്ടിന് പുതിയ സാധ്യതകൾ തുറക്കുന്നുണ്ട്. എന്നാൽ സൈനിക നിർബന്ധിത സേവനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഈ പാർട്ടികളെ ഐസൻകോട്ടിൽ നിന്ന് അകറ്റിയേക്കാം. അറബ് എംപിമാരുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുക, അൾട്രാ ഓർത്തഡോക്സ് പാർട്ടികളുമായി ധാരണയിലെത്തുക, അല്ലെങ്കിൽ വിശാലമായ ദേശീയ ഐക്യസർക്കാർ രൂപീകരിക്കുക തുടങ്ങിയ സാധ്യതകളാണ് ഐസൻകോട്ടിന് മുന്നിലുള്ളത്. എന്നാൽ ഓരോ നീക്കത്തിനും രാഷ്ട്രീയ തടസങ്ങളുമുണ്ട്.

അതേസമയം, അധികാരം വിട്ടുകൊടുക്കാൻ നെതന്യാഹു തയ്യാറായിട്ടില്ല. കാവൽ പ്രധാനമന്ത്രിയായി തുടരുന്ന അദ്ദേഹം ദേശീയ ഐക്യസർക്കാർ രൂപീകരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. അറബ് നേതൃത്വത്തിലുള്ള പാർട്ടികളുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന സർക്കാരിനെതിരെ അദ്ദേഹം ശക്തമായ നിലപാടും സ്വീകരിച്ചിട്ടുണ്ട്. അറബ് പാർട്ടികളെ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരായി ചിത്രീകരിച്ച നെതന്യാഹുവിന്റെ പരാമർശം തിരഞ്ഞെടുപ്പിന് ശേഷമുള്ള ചർച്ചകളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്.

നെതന്യാഹുവിന്റെ ആരോപണങ്ങൾക്കെതിരെ ഐസൻകോട്ടിന്റെ പാർട്ടിയും രംഗത്തെത്തി. അറബ് എംപിമാരെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പാർട്ടിയുടെ നിലപാട്. തീവ്ര വലതുപക്ഷ പാർട്ടികളുമായുള്ള സഖ്യത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും ലിക്കുഡ് പാർട്ടിയിലെ അംഗങ്ങളോട് ഐസൻകോട്ടിന്റെ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാസ യുദ്ധം, രാജ്യത്തിന്റെ സുരക്ഷ, സൈനിക സേവനം, നെതന്യാഹുവിന്റെ നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ ഇസ്രയേൽ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന കടുത്ത ഭിന്നതകൾക്കിടയിലാണ് പുതിയ സർക്കാർ രൂപീകരണ നീക്കങ്ങൾ നടക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ നെതന്യാഹു രൂപീകരിച്ച യുദ്ധകാല മന്ത്രിസഭയിൽ ഐസൻകോട്ടും കുറച്ചുകാലം അംഗമായിരുന്നു. പിന്നീട് അദ്ദേഹം പ്രതിപക്ഷത്തേക്ക് മടങ്ങി. ഗാസ യുദ്ധം കൈകാര്യം ചെയ്ത രീതിയിലും നെതന്യാഹുവിന്റെ നേതൃത്വത്തിലും അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. നെതന്യാഹു നയിക്കുന്ന ഒരു സർക്കാരിലും താൻ പങ്കാളിയാകില്ലെന്നും ഐസൻകോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

മുൻ സൈനിക മേധാവിയെന്ന നിലയിലുള്ള സുരക്ഷാ-പ്രതിരോധ മേഖലയിലെ അനുഭവമാണ് ഐസൻകോട്ടിന്റെ പ്രധാന രാഷ്ട്രീയ കരുത്ത്. അദ്ദേഹം പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയാൽ മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും വേരുകളുള്ള മിസ്രാഹി ജൂത സമൂഹത്തിൽ നിന്ന് ഇസ്രയേലിന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തിയാകും.

അതേസമയം, 28 ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് സാധിച്ചില്ലെങ്കിൽ പ്രസിഡന്റ് മറ്റൊരു നേതാവിന് അവസരം നൽകും. സാഹചര്യങ്ങൾക്കനുസരിച്ച് നെതന്യാഹുവിനും വീണ്ടും സർക്കാർ രൂപീകരിക്കാൻ അവസരം ലഭിച്ചേക്കാം. തുടർച്ചയായ ശ്രമങ്ങളും പരാജയപ്പെട്ടാൽ 2027ന്റെ തുടക്കത്തിൽ ഇസ്രയേലിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുമുണ്ട്.

ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായക ഘട്ടമായാണ് ഹെർസോഗിന്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട നെതന്യാഹുവിന് അധികാരം നിലനിർത്തുക ഇനി എളുപ്പമാകില്ല. എന്നാൽ 67 എംപിമാരുടെ പിന്തുണ നേടിയ ഐസൻകോട്ടിനും മുന്നിലുള്ള വഴി അത്ര സുഗമമല്ല. നെതന്യാഹുവിനെ എതിർക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിക്കാൻ സാധിച്ചെങ്കിലും സർക്കാർ രൂപീകരണത്തിന് ശേഷം അവർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാകുമോയെന്നതാണ് പ്രധാന ചോദ്യം. നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് മാറ്റാൻ ഒന്നിച്ചവർക്ക് അടുത്ത സർക്കാർ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന കാര്യത്തിലും ഒരേ നിലപാടിലെത്താനാകുമോ എന്നതാണ് ഇസ്രയേൽ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

“പടക്കം പൊട്ടിച്ചാൽ രോഗങ്ങളെല്ലാം മാറും”, അതിന്റെ പുക വായുവിലൂടെ പകരുന്ന രോഗാണുക്കളെ നശിപ്പിക്കും, പുതിയ വാദവുമായി ബിജെപി എംഎല്‍എ

BREAKING NEWS
നിരവധി കേസുകളിൽ പ്രതി, അറസ്റ്റ് ചെയ്യാതിരിക്കാൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി... അറസ്റ്റ് ചെയ്യാൻ വരുന്നവരെ ആക്രമിക്കാൻ സമീപത്ത് കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കണ്ണിലെറിയാൻ മുളകുപൊടിയും!! കെട്ടിടത്തിനിരുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽ കയറി പ്രതിയെ തൂക്കിയെടു...
09 Nov 2026
BREAKING NEWS
ഹാലോവീന്‍ പാര്‍ട്ടിയുടെ മറവില്‍ മദ്യ വിരുന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര ലൈംഗികാതിക്രമവും, അതിഥികളായെത്തിയത് പ്രമുഖരുടെ മക്കള്‍, മയക്കു മരുന്ന് ഉപയോഗിച്ചതായി സംശയം, ഒരാള്‍ അറസ്റ്റില്‍
09 Nov 2026
BREAKING NEWS
"പടക്കം പൊട്ടിച്ചാൽ രോഗങ്ങളെല്ലാം മാറും", അതിന്റെ പുക വായുവിലൂടെ പകരുന്ന രോഗാണുക്കളെ നശിപ്പിക്കും, പുതിയ വാദവുമായി ബിജെപി എംഎല്‍എ
09 Nov 2026
BREAKING NEWS
പൂർവവിദ്യാർഥികൾ സൗഹൃദം നടിച്ച് അടുത്തുകൂടി... പിന്നാലെ മാതാപിതാക്കളേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി, പേടിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥി അമ്മയുടെ സ്വർണം ആരുമറിയാതെയെടുത്ത് കൈമാറി, ഇനി കാശില്ലെന്നു പറഞ്ഞപ്പോൾ കൈയിലുള്ള ഇലക്ട്രിക് സൈക്കിൾ വിറ്റു പണം നൽകണമെന്നായി... പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ, പ്ര...
09 Nov 2026