കൊൽക്കത്ത: പടക്കം പൊട്ടിക്കുന്നത് പലതരം രോഗങ്ങൾ ഭേദമാക്കുമെന്ന ബിജെപി എംഎൽഎയുടെ പ്രസ്താവന പശ്ചിമ ബംഗാളിൽ വലിയ ചർച്ചയാകുന്നു. കൊൽക്കത്തയിലെ ടോളിഗഞ്ച് എംഎൽഎ പാപിയ അധികാരിയാണ് കാളിപൂജ ആഘോഷങ്ങൾക്കിടെ ഇത്തരമൊരു വിചിത്ര വാദം ഉന്നയിച്ചത്. പടക്കത്തിന്റെ പുകയും ശബ്ദവും ആരോഗ്യത്തിന് ദോഷകരമാണെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് എംഎൽഎയുടെ ഈ പരാമർശം. ടോളിഗഞ്ചിലെ ഒരു കാളിപൂജ പന്തൽ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പാപിയ അധികാരി.
അവർ മൈക്കിലൂടെ സംസാരിച്ചുകൊണ്ടിരിക്കെ സമീപത്ത് വലിയ ശബ്ദത്തോടെ പടക്കം പൊട്ടി. ഇതിന് പിന്നാലെയായിരുന്നു പടക്കം പൊട്ടിച്ചാൽ പല രോഗങ്ങളും മാറുമെന്ന അവരുടെ പ്രസ്താവന. കാളിപൂജയ്ക്ക് പടക്കം പൊട്ടിക്കാതെ എങ്ങനെ ആഘോഷം പൂർത്തിയാക്കുമെന്നും അവർ ചോദിച്ചു. അതേസമയം, പടക്കം പൊട്ടിക്കുമ്പോൾ പൊലീസും ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.പരാമർശം വലിയ വിവാദമായതോടെ ഞായറാഴ്ച എംഎൽഎ വിശദീകരണവുമായി രംഗത്തെത്തി. പടക്കത്തിന്റെ പുക വായുവിലൂടെ പകരുന്ന രോഗാണുക്കളെ നശിപ്പിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു പുതിയ വാദം.
എന്നാൽ, ഈ വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ആരോഗ്യവിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും വ്യക്തമാക്കുന്നു. പടക്കങ്ങളിൽ നിന്നുള്ള പുകയും പൊടിപടലങ്ങളും വായുമലിനീകരണം വർധിപ്പിക്കുകയേ ഉള്ളൂ. ഇത് ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളുള്ളവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും, പുക രോഗാണുക്കളെ നശിപ്പിക്കുമെന്നത് യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.