പാറശാല: കാരോട് ബൈപാസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും യുവാവിനെ മർദിക്കുകയും ചെയ്ത കേസിൽ ഒരാൾകൂടി അറസ്റ്റിലായി. പാറശാലയ്ക്കടുത്ത് കടയിവിള മുരുകവിലാസത്തിൽ അർജുവിനെ(32) ആണ് പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
രണ്ടാഴ്ച മുൻപ് ഐടിബിപി സൈനികൻ അയിര മയൂരം വീട്ടിൽ അരുൺകുമാർ (35) പൊലീസിനു മുൻപാകെ കീഴടങ്ങിയിരുന്നു. സെപ്റ്റംബർ 12ന് രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്. പാറശാലയ്ക്കടുത്ത് ഇഞ്ചിവിളയിലെ കുടുംബവീട്ടിൽനിന്ന് യുവതി താമസിക്കുന്ന കാരോട് വെൺകുളത്തുളള തന്റെ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു. രാത്രിയായതിനാൽ സ്ഥലവാസിയായ യുവാവ് മറ്റൊരു ബൈക്കിൽ പിന്നാലെയുണ്ടായിരുന്നു.
കാരോട് ബൈപാസിൽ അയിരഭാഗത്ത് 3 പ്രതികളും ചേർന്ന് യുവതിയെയും യുവാവിനെയും തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. യുവാവിന് തലയിലും നെഞ്ചിലും വാരിയെല്ലിലും പരുക്കുണ്ട്. യുവതിയുടെ നെഞ്ചിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏറെനാൾ ചികിത്സയിലായിരുന്നു. ഈ കേസിൽ രണ്ടു പ്രതികൾ കൂടിയുണ്ട്.