പാമ്പാടി: ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ ഏബ്രഹാം (19) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥി പഠിച്ചിരുന്ന സ്കൂളിലെ പൂർവവിദ്യാർഥികളാണു പ്രതികൾ. ട്യൂഷൻ പഠനവുമായി ബന്ധപ്പെട്ടു വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീടു പലപ്പോഴായി പണം ആവശ്യപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെവിദ്യാർഥി അമ്മയുടെ സ്വർണാഭരണങ്ങൾ പലതവണയായി കൈമാറിയെന്നുമാണു കേസ്.
എന്നാൽ കഴിഞ്ഞ ദിവസവും പ്രതികൾ പണം ആവശ്യപ്പെട്ടു. പണമില്ലെന്നറിയിച്ചതോടെ വിദ്യാർഥിയുടെ ഇലക്ട്രിക് സൈക്കിൾ വിറ്റു പണം നൽകണമെന്നു നിർബന്ധിച്ചു. ഇതോടെയാണു വിദ്യാർഥി മാതാപിതാക്കളെ വിവരമറിയിച്ചത്. എസ്ഐ ജോജൻ ജോർജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.