ഹാവേരി: കോൺഗ്രസിന്റെ ഡൽഹി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകത്തിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. യൂത്ത് കോൺഗ്രസ് ഹാവേരി ജില്ലാ പ്രസിഡന്റ് ദർശൻ കുമാർ ലമാണി അടക്കം ആറു നേതാക്കളെ സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. പരിപാടിയിൽ പങ്കെടുക്കാതിരുന്നത് നേതൃത്വം ഗൗരവമായി കാണുന്നതായും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഡ് ചെയ്യുന്നതായും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി.
സസ്പെൻഷൻ നേരിട്ട ഹാവേരി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദർശൻ കുമാർ ലമാണി കർണാടക മന്ത്രി രുദ്രപ്പ ലമാണിയുടെ മകനാണ്. കർണാടകയുടെ പഞ്ചസാര, ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയാണ് രുദ്രപ്പ ലമാണി. ദർശനു പുറമേ ഉത്തര കന്നഡ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യ സിർസിക്കർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ അസീസ്, സൂരജ് അവാതി, പവൻ സാലിയാൻ, അഭിഷേക് സി എന്നിവരാണ് സസ്പെൻഷൻ നേരിട്ടത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരമാണ് നടപടി.
ഡൽഹിയിലെ രാംലീല മൈതാനിയിൽ നവംബർ ഒന്നിന് നടന്ന ഇന്ത്യാ സഖ്യ റാലിയിൽ പങ്കെടുക്കാതിരുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കൾക്കെതിരെയും കോൺഗ്രസ് നടപടിയെടുത്തിരുന്നു. മധ്യപ്രദേശിൽ 60 ഓളം യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് സസ്പെൻഡ് ചെയ്തത്. ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ പത്ത് നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.