BREAKING NEWS

’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, മറിച്ച് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതലാണ് ആരംഭിക്കുന്നതെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ സമയം മുതലാണ് 24 മണിക്കൂർ സമയപരിധി ആരംഭിക്കുന്നതെന്ന നിലപാട് ഭരണഘടനയുടെ ആർട്ടിക്കിൾ 22(2)നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 56-ാം വകുപ്പിനും വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് അന്വേഷണത്തിനോ മറ്റ് നടപടികൾക്കോ വേണ്ടി കസ്റ്റഡിയിൽവെക്കുന്ന സമയം ഒഴിവാക്കാനാവില്ല. അറസ്റ്റ് ചെയ്ത സ്ഥലത്തുനിന്ന് മജിസ്ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്രയ്ക്കെടുക്കുന്ന സമയം മാത്രമാണ് 24 മണിക്കൂർ പരിധിയിൽനിന്ന് ഭരണഘടന അനുവദിക്കുന്ന ഇളവെന്നും കോടതി വ്യക്തമാക്കി.

ചെറിയ കാലയളവിലേക്കുള്ള കസ്റ്റഡിയെ അറസ്റ്റ് ആയി കണക്കാക്കാനാവില്ലെന്ന വാദവും കോടതി തള്ളി. മൗലികാവകാശങ്ങൾക്ക് താൽക്കാലികമായി പോലും സസ്പെൻഷൻ ഏർപ്പെടുത്താനാവില്ല. കസ്റ്റഡിയിലെടുത്ത തീയതിയും സമയവും മജിസ്ട്രേറ്റുമാർ കൃത്യമായി രേഖപ്പെടുത്തണം. കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും തമ്മിൽ കൃത്രിമമായ വേർതിരിവുണ്ടാക്കാനുള്ള ശ്രമം ഭരണഘടനാപരമായി നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റ് എന്നതും ഒരാളെ തടങ്കലിൽവെക്കുന്നതും ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഒരേ അർഥത്തിലാണ് കാണേണ്ടത്. ഇവയ്ക്കിടയിൽ കൃത്രിമമായ വ്യത്യാസം സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ചെറിയ അന്വേഷണ കാലയളവാണ് കസ്റ്റഡിയായി കണക്കാക്കുന്നതെങ്കിൽ അതിന്റെ സമയപരിധി നിശ്ചയിക്കുന്നത് ആരാണെന്ന ചോദ്യവും കോടതി ഉയർത്തി.

ഇതുമായി ബന്ധപ്പെട്ട് ഒഡീഷ, കേരള, മദ്രാസ് ഹൈക്കോടതികൾ വിവിധ കേസുകളിൽ സ്വീകരിച്ച നിലപാടുകളോടും സുപ്രീംകോടതി വിയോജിച്ചു. കസ്റ്റഡി കാലയളവ് ഭരണഘടനയുടെ 22(2)ാം അനുച്ഛേദപ്രകാരമുള്ള 24 മണിക്കൂർ സമയപരിധിയിൽനിന്ന് ഒഴിവാക്കാമെന്നായിരുന്നു ഈ കോടതികളുടെ നിരീക്ഷണം. എന്നാൽ ഇത്തരം വിധികൾ ശരിയായ നിയമവ്യാഖ്യാനമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, ഒരാളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന നിമിഷം മുതലാണ് 24 മണിക്കൂർ സമയപരിധി ആരംഭിക്കുന്നതെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതിയുടെ ഒരു കേസിലെ നിലപാടിനെ സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു.

എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള കേസിൽ ജാമ്യം നിഷേധിച്ച ത്രിപുര ഹൈക്കോടതി വിധിക്കെതിരേ നാലുപേർ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. 2025 സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് രണ്ടിനാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. എന്നാൽ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്കാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് രണ്ടുമുതൽ 24 മണിക്കൂറിനുള്ളിൽ ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഏകദേശം 18 മണിക്കൂറോളം യാതൊരു ജുഡീഷ്യൽ മേൽനോട്ടവുമില്ലാതെ ഇവരെ തടങ്കലിൽവെച്ചത് ഭരണഘടനയുടെ 22(2)ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി നാലുപേരെയും ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടു. കസ്റ്റഡി പീഡനങ്ങൾ തടയുന്നതിനും വ്യക്തികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജുഡീഷ്യൽ മേൽനോട്ടം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026